
കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി സിനിമാ മേഖലയിൽ കണ്ടുവരുന്നൊരു ട്രെന്റുണ്ട്. മുൻകാല സിനിമകളെ വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്ന റി റിലീസ്. ഒരുകാലത്ത് വൻ പ്രശംസ പിടിച്ചു പറ്റിയിട്ടും പരാജയപ്പട്ട സിനിമകളും വിജയിച്ച ചിത്രങ്ങളുമൊക്കെ ഇത്തരത്തിൽ വീണ്ടും തിയറ്ററുകളിൽ എത്തും. മലയാളത്തിലും ഒരുപിടി സിനിമകൾ ഇതിനകം റി റിലീസ് ചെയ്തു കഴിഞ്ഞു. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഛോട്ടാ മുംബൈ.
കളക്ഷനിൽ അടക്കം വൻ നേട്ടം കൊയ്ത് ഛോട്ടാ മുംബൈ തിയറ്ററുകളിൽ തുടരുകയാണ്. ഈ അവസരത്തിൽ മോഹൻലാലിന്റെ മറ്റൊരു സിനിമ ഫോർകെ ദൃശ്യമികവിൽ റി റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തുകയാണ് ആരാധകർ. മോഹൻലാലിന്റെ ഏറ്റവും ശക്തമായ വേഷങ്ങളിലൊന്നായ മംഗലശ്ശേരി നീലകണ്ഠനെ പ്രേക്ഷകർക്ക് സമ്മാനിച്ച ദേവാസുരത്തിന്റെ രണ്ടാം ഭാഗം രാവണപ്രഭു ആണ് ആ ചിത്രം. 'മംഗലശ്ശേരി കാർത്തികേയനെ' ഇറക്കിവിടെന്ന് പറഞ്ഞാണ് ആരാധകർ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്.
രാവണപ്രഭുവിലെ ചില രംഗങ്ങളും, ഗാനങ്ങളുമെല്ലാം റി റിലീസ് ആവശ്യപ്പെടുന്ന പോസ്റ്റുകളിൽ ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. ഛോട്ടാ മുംബൈയെക്കാളും ആവേശം സൃഷ്ടിക്കാൻ ഈ പടത്തിന് സാധിക്കുമെന്നും ഇവർ പറയുന്നുണ്ട്. ആരാധകരുടെ ആവശ്യം അണിയറ പ്രവർത്തകർ സാധ്യമാക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
അതേസമയം, ജൂൺ ആറിന് ആയിരുന്നു ഛോട്ടാ മുംബൈ തിയറ്ററുകളിൽ എത്തിയത്. ആദ്യദിനം മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം ബോക്സ് ഓഫീസിലും നേട്ടം കൊയ്തു. പുതിയൊരു സിനിമ റിലീസ് ചെയ്ത പ്രതീതിയാണ് തിയറ്ററുകളിലെങ്ങും എന്നാണ് അപ്ഡേറ്റുകളിൽ നിന്നെല്ലാം വ്യക്തമാകുന്നത്. റി റിലീസ് ചെയ്ത് രണ്ട് ദിവസത്തിൽ ആഗോളതലത്തിൽ ഒരുകോടി ചിത്രം നേടി എന്നാണ് സൗത്ത് വുഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.