
എന്നും പുതുമയുള്ള, തന്നിലെ നടന് വേറിട്ട പ്രകടം കാഴ്ചവയ്ക്കാൻ ഉതകുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഏറെ താല്പര്യമുള്ള ആളാണ് നടൻ മമ്മൂട്ടി. കഴിഞ്ഞ ഏതാനും വർഷത്തെ അദ്ദേഹത്തിന്റെ സിനിമകൾ എടുത്താൽ അക്കാര്യം വ്യക്തമാകും. റോഷാക്ക്, ഭ്രമയുഗം തുടങ്ങിയവ ഉദാഹരണങ്ങൾ മാത്രം. അക്കൂട്ടത്തിലേക്ക് എത്താനൊരുങ്ങുന്ന സിനിമയാണ് കളങ്കാവൽ. പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധനേടിയ ചിത്രത്തിൽ പക്കാ വില്ലൻ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് വിവരം.
വിനായകൻ ആണ് കളങ്കാവലിൽ നായക കഥാപാത്രമാകുന്നത്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിനായാണ് നിലവിൽ മലയാളികളും മമ്മൂട്ടി ആരാധാകരും കാത്തിരിക്കുന്നത്. ഈ അവസരത്തിൽ കളങ്കാവൽ റിലീസ് സംബന്ധിച്ച ചില അഭ്യൂഹങ്ങൾ നടക്കുന്നുണ്ട്. ജൂൺ അഞ്ചിന് ചിത്രം തിയറ്ററിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാലത് നടന്നില്ല. നിലവിൽ രണ്ട് മാസം കളങ്കാവലിനായി കാത്തിരിക്കണമെന്നാണ് പുതിയ അഭ്യൂഹങ്ങൾ.
ഓഗസ്റ്റിലാകും റിലീസെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ വരേണ്ടിയിരിക്കുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത് ചിത്രം കൂടിയാണ് കളങ്കാവൽ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ, ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് എന്നിവയാണ് നേരത്തെ ഇറങ്ങിയ മമ്മൂട്ടി കമ്പനി പടങ്ങൾ.
ജിതിന്‍ കെ ജോസും വിഷ്ണു ശ്രീകുമാറും ചേർന്നാണ് കളങ്കാവലിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇതുവരെ ചെയ്ത നെഗറ്റീവ് വേഷങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നതെന്നാണ് സൂചനകൾ. ഇരുപത്തി ഒന്ന് നായികമാർ സിനിമയിലുണ്ടെന്നും പറയപ്പെടുന്നുണ്ട്. അതേസമയം, ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഡീനോ ഡെന്നീസ് ആയിരുന്നു സംവിധാനം.