'നിങ്ങള്‍ ഇനിയില്ല എന്നത് ഉള്‍ക്കൊള്ളാനാവുന്നില്ല'; മില്‍ഖയെ ഓര്‍ത്ത് ഫര്‍ഹാന്‍ അക്തര്‍

By Web TeamFirst Published Jun 19, 2021, 1:33 PM IST
Highlights

91-ാം വയസിലാണ് 'പറക്കും സിംഗ്' എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ ഇതിഹാസ ട്രാക്ക് അത്ലറ്റിന്‍റെ വിയോഗം. കൊവിഡിനെ അതിജീവിച്ചിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു.

അന്തരിച്ച ഇതിഹാസ അത്ലറ്റ് മില്‍ഖാ സിംഗിന് ആദരാഞ്ജലികളുമായി ബോളിവുഡ് ചലച്ചിത്രകാരനും നടനുമായ ഫര്‍ഹാന്‍ അക്തര്‍. മില്‍ഖാ സിംഗിന്‍റെ ജീവിതം പറഞ്ഞ ബോളിവുഡ് ചിത്രം 'ഭാഗ് മില്‍ഖ ഭാഗി'ല്‍ മില്‍ഖ സിംഗ് ആയെത്തിയത് ഫര്‍ഹാന്‍ ആയിരുന്നു. നിങ്ങള്‍ ഇനിയും ഇവിടെയില്ല എന്നത് ഉള്‍ക്കൊള്ളാന്‍ തന്‍റെ മനസിന്‍റെ ഒരു ഭാഗം വിമുഖത കാട്ടുകയാണെന്ന് ഫര്‍ഹാന്‍ കുറിച്ചു.

ഫര്‍ഹാന്‍ അക്തറിന്‍റെ ആദരാഞ്ജലി

"പ്രിയ മില്‍ഖാജി, നിങ്ങള്‍ ഇനി ഇവിടെയില്ല എന്നത് ഉള്‍ക്കൊള്ളാന്‍ എന്‍റെ മനസിന്‍റെ ഒരു ഭാഗം തയ്യാറാവുന്നില്ല. ഒരുപക്ഷേ നിങ്ങളില്‍നിന്നുതന്നെ ആര്‍ജ്ജിച്ചെടുത്ത ആ കരുത്ത് കാരണമാവാം അത്. ഒരു കാര്യം തീരുമാനിച്ചാല്‍ ഒരിക്കലും പിന്മാറരുതെന്ന് തോന്നിപ്പിക്കുന്ന മനസിന്‍റെ ആ വശം. നിങ്ങള്‍ എക്കാലവും ജീവനോടെ ഇവിടെയുണ്ടാവും എന്നതാണ് സത്യം. ഹൃദയാലുവും സ്നേഹസമ്പന്നനുമായ, ബന്ധങ്ങളില്‍ ഊഷ്‍മളതയുള്ള, സാധാരണക്കാരനായ ഒരു മനുഷ്യന്‍ എന്നതിനേക്കാള്‍ അപ്പുറമായിരുന്നു നിങ്ങള്‍. ഒരു ആശയത്തെയാണ് നിങ്ങള്‍ പ്രതിനിധാനം ചെയ്‍തത്, ഒരു സ്വപ്‍നത്തെ. നിങ്ങളുടെ തന്നെ വാക്കുകള്‍ എടുത്താല്‍, സത്യസന്ധതയും കഠിനാധ്വാനവും ധൃഢനിശ്ചയവും എങ്ങനെ ഒരു മനുഷ്യനെ സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തനാക്കുമെന്നും ആകാശത്തെ തന്നെ തൊടാന്‍ കഴിവുള്ളവനാക്കുമെന്നും നിങ്ങള്‍ പഠിപ്പിച്ചു. ഞങ്ങള്‍ ഏവരുടെയും ജീവിതങ്ങളെ നിങ്ങള്‍ സ്‍പര്‍ശിച്ചു. ഒരു അച്ഛനായും സുഹൃത്തായും നിങ്ങളെ അറിയാനായവര്‍ക്ക്, അതൊരു അനുഗ്രഹം പോലെയായിരുന്നു. അങ്ങനെ അല്ലാത്തവരെ സംബന്ധിച്ച് പ്രചോദനത്തിന്‍റെ ഒരു നിലയ്ക്കാത്ത ഉറവിടവും വിജയത്തിലും കൂടെനിര്‍ത്തേണ്ട വിനയത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമായിരുന്നു നിങ്ങള്‍. മുഴുവന്‍ ഹൃദയത്തോടെയും നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു."

91-ാം വയസിലാണ് 'പറക്കും സിംഗ്' എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ ഇതിഹാസ ട്രാക്ക് അത്ലറ്റിന്‍റെ വിയോഗം. കൊവിഡിനെ അതിജീവിച്ചിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. ഏറെ നാളായി ആശുപത്രിയിലും വീട്ടിലുമായി കഴിയുകയായിരുന്നു അദ്ദേഹം. മെയ് 20നായിരുന്നു മില്‍ഖ കൊവിഡ് ബാധിതനായത്. ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് നെഗറ്റീവ് ആയ അദ്ദേഹത്തെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ശരീരത്തില്‍ ഓക്സിജന്‍റെ അളവില്‍ കുറവ് വന്നതോടെ വീണ്ടും ചണ്ഡീഗഢിലെ പി ജെ ഐ എം ഇ ആര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച്ച രാത്രി 11.30യോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. 
 

click me!