
കൊച്ചി: നടൻ ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുണ്ടായ പ്രശ്നങ്ങൾ കഴിഞ്ഞ ദിവസം പരിഹരിച്ചുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് പ്രശ്നത്തിന് പരിഹാരമായതെന്ന തരത്തിൽ വിപിൻ ഒരു മാധ്യമത്തിന് ബൈറ്റും നൽകിയിരുന്നു. ഇതിൽ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഫെഫ്ക.
ഫെഫ്കയുമായി നടന്ന ചർച്ചയിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞുവെന്ന വിപിൻ കുമാറിന്റെ അവകാശവാദം ശരിയല്ലെന്ന് സംഘടന വ്യക്തമാക്കി. അച്ചടക്ക ലംഘനമാണിതെന്നും വിപിനെതിരെ നടപടി സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചു.
“ഇന്നലെ അമ്മയുടെ ഓഫീസില്‍ വച്ച് ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വങ്ങള്‍ ഉണ്ണി മുകുന്ദനും വിപിനും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഉണ്ടായ ധാരണകള്‍ക്ക് വിപരീതമായി വിപിന്‍ ഒരു ദൃശ്യ മാധ്യമത്തിന് ഫോണിലൂടെ ചര്‍ച്ചയെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ ഇന്ന് നല്‍കിയത് തികഞ്ഞ അച്ചടക്ക ലംഘനമാണ്. ചര്‍ച്ചയില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞു എന്ന വിപിൻ കുമാറിന്റെ അവകാശവാദം ശരിയല്ല. വിപിന്‍ ധാരണാലഘനം നടത്തിയ സാഹചര്യത്തില്‍ വിപിനുമായി യാതൊരു രീതിയിലും ഫെഫ്ക സംഘടനാപരമായി സഹകരിക്കില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചിരിക്കുന്നു”, എന്നാണ് ഫെഫ്ക പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.
ടൊവിനോ തോമസ് ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന്‍ പ്രകോപിതനായെന്നും തന്നെ മര്‍ദ്ദിച്ചുവെന്നും ചൂണ്ടിക്കാട്ടി വിപിന്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ നടനെതിരെ കേസും എടുത്തിരുന്നു. പിന്നാലെ താന്‍ വിപിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും അതിന് തെളിവുണ്ടങ്കില്‍ അഭിനയം നിര്‍ത്തുമെന്നും ഉണ്ണി മുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തിരുന്നു.