അനുജനായി കരുതി ക്ഷമിക്കുക; രോഹിത് ഷെട്ടിയോട് അൽഫോൻസ് പുത്രൻ

By Web TeamFirst Published Jul 28, 2021, 5:50 PM IST
Highlights

ചെന്നൈ എക്സ്പ്രസ്സ് എന്ന സിനിമയിൽ തമിഴ് ഭാഷയെ മോശമായി അവതരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി അൽഫോൺസ് പുത്രൻ നേരത്തെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. 

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയെ വിമർശിച്ചതിൽ മാപ്പ് പറഞ്ഞ് സംവിധായകൻ അൽഫോൺസ് പുത്രൻ. ചെന്നൈ എക്സ്പ്രെസ് എന്ന ചിത്രത്തിലെ തമിഴ് ഭാഷ പ്രയോ​ഗത്തോട് വിയോജിപ്പുണ്ടായിരുന്നുവെന്നും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തമിഴരെ വേദനിപ്പിക്കാനുള്ള ഉദ്ദേശമൊന്നും രോഹിത് ഷെട്ടിക്ക് ഉണ്ടായിരുന്നില്ല എന്ന് തനിക്കു ഉറപ്പുണ്ടെന്നും അൽഫോൺസ് കുറിച്ചു.

രോഹിത്തിന്റെ നിരവധി സിനിമകൾ തനിക്ക് പ്രിയപ്പെട്ടതാണ്. സിങ്കം രണ്ടാം ഭാഗത്തിൽ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പണം വാങ്ങുന്ന സിങ്കത്തിനെ അമ്മ വഴക്കു പറയുന്ന രംഗമുണ്ട്. അമ്മക്ക് മുന്നിൽ നായകൻ തോറ്റുപോകുന്ന രം​ഗമാണത്. അത് തന്നെ കരയിപ്പിച്ചു. അത്തരമൊരു ചിന്താ​ഗതിയും അത് നടപ്പിലാക്കിയ രീതിയും തീർത്തും പ്രശംസനീയമാണ്. ഇനി രോഹിത്തിന്റെ സൂര്യവൻഷി എന്ന ചിത്രത്തിനായി താൻ കാത്തിരിക്കുകയാണെന്നും അൽഫോൻ വ്യക്തമാക്കി.

അൽഫോൻസ് പുത്രന്റെ വാക്കുകൾ

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്പ്രസ് എന്ന സിനിമയിലെ തമിഴ് ഭാഷ പ്രയോഗത്തോട് എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. അത് എന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. എന്നാൽ തമിഴ് ജനതയെ വേദനിപ്പിക്കണമെന്ന ഉദ്ദേശമൊന്നും അദ്ദേഹത്തിനില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ശങ്കർ സാറിൻറെ പാട്ടുകളിൽ നിന്നും ആക്ഷൻ രംഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ചിത്രങ്ങൾ ഒരുക്കിയത്.

അതിനാൽ അന്നത്തെ എൻറെ കമന്റിൽ ഞാൻ ഖേദിക്കുന്നു. ഇപ്പോൾ സിങ്കം രണ്ടാം ഭാഗത്തെ കുറിച്ചു നല്ലൊരു കാര്യം പറയുവാൻ ആഗ്രഹിക്കുന്നു. സിനിമയിൽ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പണം വാങ്ങുന്ന സിങ്കത്തിനെ അമ്മ വഴക്കു പറയുന്ന രംഗമുണ്ട്. ആ രംഗം എന്നെ കരയിപ്പിച്ചു. അമ്മക്ക് മുന്നിൽ നായകൻ തോറ്റുപോകുന്ന ആ രംഗം എനിക്ക് ഒരുപാട് ഇഷ്ടമായി.

എൻറെ സിനിമാ ജീവിതത്തിൽ അതുപോലുള്ള ഒരു രംഗം ഇതുവരെ കണ്ടിട്ടില്ല. അങ്ങനെയുള്ള ഒരു ചിന്തയും അത് നടപ്പിലാക്കിയ രീതിയിലും താങ്കളോട് ബഹുമാനം തോന്നുന്നു. താങ്കളുടെ മിക്ക സിനിമകളും എനിക്ക് ഇഷ്ടമാണ്. ഗോൽമാൽ സീരീസ്, സിംഗം സീരീസ്, സിംമ്പ. ഇപ്പോൾ സൂര്യവൻഷി സിനിമയ്ക്കായി ഞാൻ കാത്തിരിക്കുകയാണ്. ഈ അനിയനോട് ക്ഷമിക്കുക.

ചെന്നൈ എക്സ്പ്രസ്സ് എന്ന സിനിമയിൽ തമിഴ് ഭാഷയെ മോശമായി അവതരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി അൽഫോൺസ് പുത്രൻ നേരത്തെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന സിനിമ സംവിധാനം ചെയ്യുമ്പോള്‍ അറിയാതെ പോലും ഒരു വിഭാഗം ആളുകളെ അപമാനിക്കരുതെന്നും താൻ സംവിധാനം ചെയ്ത പ്രേമം രോഹിത് ഷെട്ടി കാണണമെന്നും ഓരോ ഭാഷയ്ക്കും അതിന്റെ മാന്യത നിലനിര്‍ത്താന്‍ സിനിമയിൽ താൻ പരമാവധി ശ്രയിച്ചിട്ടുണ്ടെന്നുമായിരുന്നു അൽഫോൺസ് പോസ്റ്റിൽ പറഞ്ഞിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!