
ലെസ്ബിയൻ പ്രണയത്തിന്റെ പ്രമേയത്തിൽ ഒരുങ്ങുന്ന ‘ഹോളി വൂണ്ട്’(Holy Wound) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലെത്തും. എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുക. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ ആണ് ചിത്രം നിർമിക്കുന്നത്.
മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അമൃത, സാബു പ്രൗദീൻ എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്. ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് 'ഹോളി വൂണ്ട്' കഥ പറഞ്ഞ് പോകുന്നത്. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ചിത്രം ഓർമപ്പെടുത്തുന്നു.
മുൻപ് മലയാള സിനിമയിൽ ലെസ്ബിയൻ പ്രണയങ്ങൾ കഥാ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം വളരെ നിശബ്ദമായിട്ടാണ് പറഞ്ഞിരുന്നത്. എന്നാൽ മലയാള സിനിമ ചരിത്രത്തിൽ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ സിനിമയിൽ രണ്ടു പെൺകുട്ടികൾ തമ്മിലുള്ള പ്രണയരംഗങ്ങൾ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്.
റോണി റാഫേലാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ഉണ്ണി മടവൂർ, എഡിറ്റിങ്: വിപിൻ മണ്ണൂർ, പ്രൊഡക്‌ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ജിനി സുധാകരൻ, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാൽ കരമന, കോസ്റ്റ്യൂംസ്: അബ്‍ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ: അരുൺ പ്രഭാകർ, ഇഫക്ട്സ്: ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ്: ശങ്കർദാസ്, സ്റ്റിൽസ്: വിജയ് ലിയോ, പി.ആർ.ഓ: നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. എസ്.എസ്. ഫ്രെയിംസിന്റെ ആദ്യ ചിത്രം കൂടിയാണ് 'ഹോളി വൂണ്ട്'.
ലെസ്ബിയൻ പ്രണയവുമായി ‘ഹോളി വൂണ്ട്’, ഓഗസ്റ്റ് 12 മുതൽ എസ്എസ് ഫ്രെയിംസ് ഒടിടിയിലൂടെ പ്രദർശനത്തിനെത്തും
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ