'വേണുച്ചേട്ടൻ പകരം വയ്ക്കാനില്ലാത്ത നടൻ'; അനുസ്മരിച്ച് സിബി മലയിൽ

By Web TeamFirst Published Oct 11, 2021, 2:04 PM IST
Highlights

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്.

തുല്യകലാകാരൻ നെടുമുടി വേണുവിന്റെ(nedumudi venu) വിയോ​ഗ വാർത്തയുടെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം(malayala cinema). ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് വിടപറഞ്ഞത്. നിരവധി പേരാണ് അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. പകരം വയ്ക്കാനില്ലാത്ത നടനാണ് നെടുമുടിയെന്നാണ് സംവിധായകൻ സിബി മലയിൽ(sibi malayil ) പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

"പകരം വയ്ക്കാനില്ലാത്ത നടനാണ് വേണുച്ചേട്ടൻ. അദ്ദേഹത്തോട് കിടപിടിക്കാനോ താരതമ്യപ്പെടുത്താനോ ഒരു കലാകാരൻ ഇല്ലയെന്ന് നിസംശയം പറയാനാകും. വലിയൊരു വേദനയാണ്. എന്റെ ആദ്യത്തെ സിനിമയിൽ പ്രധാനവേഷം ചെയ്തത് ഉൾപ്പടെ ഏതാണ്ട് ഇരുപതിലേറെ സിനിമകളിൽ ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ജേഷ്ഠ സഹോദരൻ, അടുത്ത സുഹൃത്ത്, നമുക്ക് ഏത് ഘട്ടത്തിലും സമീപിക്കാൻ ഉതകുന്ന , പിൻബലമായി നിൽക്കുന്ന ആളായിരുന്നു അദ്ദേഹം. വ്യക്തിപരമായി വലിയ നഷ്ടമാണ്. ആശുപത്രിയിൽ ആണെന്ന് അറിഞ്ഞത് മുതൽ വലിയ ആശങ്കയും പ്രാർത്ഥനയും ആയിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗ വാർത്ത ഉൾക്കൊള്ളാൻ സാധിക്കുന്നില്ല" , സിബി മലയിൽ പറയുന്നു. 

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു നെടുമുടിയുടെ അന്ത്യം. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്.1948 മെയ് 22-ന് കുട്ടനാട്ടിലാണ് കെ.വേണുഗോപാൽ എന്ന നെടുമുടി വേണുവിൻ്റെ ജനനം. കാവാലം നാരായണപ്പണിക്കരുടെ തണലിലാണ് നെടുമുടി എന്ന കലാകാരൻ രൂപപ്പെടട്ത്. 

click me!