സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ്: അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്, കൂടുതൽ ആരോപണങ്ങളുമായി പരാതിക്കാരൻ

By Web TeamFirst Published Feb 7, 2021, 11:21 AM IST
Highlights

സണ്ണി ലിയോൺ കളവു പറയുകയാണെന്നാണ് ഷിയാസിന്റെ ആരോപണം. ദുബായിലും പ്രോഗ്രാം നടത്താനുദ്ദേശിച്ചിരുന്നുവെന്നും ഇതിനായി 19 ലക്ഷം കൂടി സണ്ണി ലിയോണിന് അഡ്വാൻസായി നൽകിയിരുന്നെന്നും ഷിയാസ് പറഞ്ഞു
 

കൊച്ചി: സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ് പരാതി നിലനിൽക്കില്ലെന്ന നിരീക്ഷണത്തിൽ പൊലീസ്. സണ്ണി ലിയോൺ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് തെളിവില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് മനപൂ‍ർവമല്ലെന്നാണ് നടിയുടെ മൊഴി. 29 ലക്ഷം രൂപയാണ് പരിപാടിക്ക് വേണ്ടി അഡ്വാൻസായി വാങ്ങിയത്. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നൽകി. എന്നിട്ടും ചടങ്ങിന് സംഘാടകർക്ക് കഴിഞ്ഞില്ലെന്നും സണ്ണി ലിയോൺ നൽകിയ മൊഴിയിൽ പറയുന്നു. 

സാമ്പത്തിക തട്ടിപ്പ്, വ‌ഞ്ചന എന്നീ കുറ്റങ്ങളിലായിരുന്നു സണ്ണി ലിയോണിനെതിരെ കേസിൽ ചുമത്തിയിരുന്നത്. മൊഴിയുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ് ഡിജിപിക്ക് റിപ്പോർട്ട് നൽകും. കൊച്ചിയിലെ വിവിധ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ 29 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം നടി വ‌ഞ്ചിച്ചെന്നാണ് പരാതി. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി പണം സണ്ണി ലിയോണിന്‍റെ മാനേജർ ആണ് കൈപ്പറ്റിയതെന്നാണ് പെരുമ്പാവൂർ സ്വദേശി ഷിയാസ് ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് കൊച്ചി ക്രൈം ബ്രാ‌ഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയത്. 

അതിനിടെ സണ്ണി ലിയോണിനെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരൻ ഷിയാസ് രംഗത്തെത്തി. സണ്ണി ലിയോൺ കളവു പറയുകയാണെന്നാണ് ഷിയാസിന്റെ ആരോപണം. ദുബായിലും പ്രോഗ്രാം നടത്താനുദ്ദേശിച്ചിരുന്നുവെന്നും ഇതിനായി 19 ലക്ഷം കൂടി സണ്ണി ലിയോണിന് അഡ്വാൻസായി നൽകിയിരുന്നെന്നും ഷിയാസ് പറഞ്ഞു. കേസുമായി മുന്നോട്ടു നീങ്ങുമെന്നും ഷിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

click me!