Latest Videos

'പൊന്നിയിന്‍ സെല്‍വന്‍' ഷൂട്ടിന് കൊണ്ടുവന്ന കുതിര ചത്തു; മണിരത്നത്തിന്‍റെ നിര്‍മ്മാണ കമ്പനിക്കെതിരെ കേസ്

By Web TeamFirst Published Sep 4, 2021, 8:51 AM IST
Highlights

മണിരത്നത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് മദ്രാസ് ടാക്കീസിന്റെ മാനേജ്‌മെന്റിനെതിരെയും കുതിരയുടെ ഉടമയ്‌ക്കെതിരെയുമാണ് കേസ്. 

ചെന്നൈ: സംവിധായകന്‍ മണിരത്‌നത്തിന്റെ നിര്‍മ്മാണ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്. 'പൊന്നിയിന്‍ സെല്‍വന്റെ' ചിത്രീകരണത്തിന് എത്തിച്ച കുതിര ചത്തതിനെ തുടർന്നാണ് കേസ്. ഇന്ത്യ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

ഓ​ഗസ്റ്റ് 11ന് ഷൂട്ടിം​ഗിനിടെ ഒരു കുതിര ചത്തുവെന്ന് കാണിച്ച് പെറ്റ ഇന്ത്യയുടെ ഒരു സന്നദ്ധപ്രവര്‍ത്തകന്‍ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. മണിരത്നത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് മദ്രാസ് ടാക്കീസിന്റെ മാനേജ്‌മെന്റിനെതിരെയും കുതിരയുടെ ഉടമയ്‌ക്കെതിരെയുമാണ് കേസ്. 

കുതിരയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. പരാതി പ്രകാരം, ഫിലിം സെറ്റില്‍ നിരവധി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചെന്നും അതിനാല്‍ മൃഗങ്ങള്‍ ക്ഷീണിക്കുകയും നിര്‍ജ്ജലീകരണം സംഭവിക്കുകയും ചെയ്തെന്നുമാണ് പരാതിയില്‍ ഉള്ളത്. ഇതാണ് കുതിരയുടെ മരണത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Read Also: 'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം വീണ്ടും കുതിരപ്പുറത്ത്; വീഡിയോയുമായി ബാബു ആന്റണി

വലിയ താരനിരയുമായി എത്തുന്ന ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ചിത്രത്തിന്‍റെ ആദ്യഭാഗം അടുത്ത വര്‍ഷം എത്തും. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യലക്ഷ്‍മി, റഹ്മാന്‍ എന്നിവരും ചിത്രത്തിന്‍റെ താരനിരയില്‍ ഉള്ള കാര്യം നേരത്തേ പുറത്തുവന്നതാണ്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!