
തീയേറ്ററുകള്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന കൊവിഡ് സാഹചര്യത്തില്‍ സിനിമ കാണലിന്‍റെ സാമൂഹികാനുഭവം ഓര്‍മ്മ മാത്രമാണ്. പകരം നേരിട്ടുള്ള ഒടിടി റിലീസ് ആയെത്തുന്ന പുതിയ ചിത്രങ്ങള്‍ സ്വന്തം ഫോണിലോ സ്‍മാര്‍ട്ട് ടിവിയിലോ കണ്ട് തൃപ്തിപ്പെടുകയാണ് സിനിമാപ്രേമികള്‍. ഇതിനിടെ വിദേശങ്ങളിലും ഇന്ത്യയിലെതന്നെ മറ്റു ചില നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന 'ഡ്രൈവ് ഇന്‍' സിനിമാ പ്രദര്‍ശന സംവിധാനത്തെക്കുറിച്ചുള്ള വാര്‍ത്തകളും പലരും കണ്ടിട്ടുണ്ടാവും. തുറസ്സായ ഒരിടത്ത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണ് ഡ്രൈവ് ഇന്‍ സിനിമകള്‍. ഇപ്പോഴിതാ കേരളത്തിലേക്കും എത്തുകയാണ് അത്തരം പ്രദര്‍ശന സൗകര്യം.
ബംഗളൂരു, ദില്ലി, മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍ ഈ സംവിധാനത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ച സണ്‍സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് കേരളത്തിലേക്കും എത്തുന്നത്. കൊച്ചിയില്‍ അടുത്ത മാസം നാലിനാണ് അവരുടെ ഉദ്ഘാടന പ്രദര്‍ശനം. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടല്‍ ആയിരിക്കും വേദി. 15 അതിഥികള്‍ക്കാവും ആദ്യ പ്രദര്‍ശനത്തിന് അവസരമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സോയ അഖ്‍തറിന്‍റെ സംവിധാനത്തില്‍ 2011ല്‍ പ്രദര്‍ശനത്തിനെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം സിന്ദഗി ന മിലേഗി ദൊബാരയാണ് ഉദ്ഘാടന ചിത്രം.
കൃത്യമായ അകലം പാലിച്ച് ഒരു വലിയ സ്ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വന്തം കാറുകളിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ഇവര്‍ ഒരുക്കുന്നത്. കാറിന്‍റെ സ്പീക്കറിലൂടെത്തന്നെ സിനിമയുടെ ഓഡിയോയും എത്തിക്കും. പ്രദര്‍ശനത്തിന്‍റെ ടിക്കറ്റ് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനുള്ള സംവിധാനവും അണിയറക്കാര്‍ ഒരുക്കിയിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ