
ജേക്കബ് ഗ്രിഗറി നായകനാകുന്ന 'മണിയറയിലെ അശോകൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ ദുൽഖർ സൽമാൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നിർമ്മാതാവെന്ന പുതിയ വേഷത്തിലൂടെ കടന്നുപോകുന്നതിന്റെ കൗതുകവും സന്തോഷവും ദുൽഖർ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. വിഷ്ണു നാരായണൻ ആണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും വിവാഹവും ആദ്യരാത്രിയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ശ്യാമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനുപമ അവതരിപ്പിക്കുന്നത്. വേ ഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന മണിയറയിലെ അശോകൻ നവാഗതനായ ഷംസു സൈബ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
നീതു കൃഷ്ണൻ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സജാദ് കാക്കു ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിൽ എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരി നിർവ്വഹിച്ചിരിക്കുന്നു. അരുൺ എസ് മണി, വിഷ്ണു പി സി എന്നിവരാണ് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ- ജയൻ ക്രയോൺ. സംഗീതം-ശ്രീഹരി കെ നായർ. നിശ്ചല ഛായാഗ്രഹണം- ശുഹൈബ് എസ്ബികെ.
ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ് തുടങ്ങി വലിയ താരനിര ചിത്രത്തിന്റെ ഭാഗമായുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Read More: 'മണിയറയിലെ അശോകന്‍'; ദുല്‍ഖര്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പേരിട്ടത് രമേശ് പിഷാരടി
നിർമ്മാണ രംഗത്തേക്ക് ചുവടുവച്ച ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെയറര്‍ ഫിലിംസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് മണിയറയിലെ അശോകന്‍. ഇതിന് പിന്നാലെ സത്യന്‍ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും ദുൽഖറാണ് നിർമ്മിക്കുന്നത്. 'വരനെ ആവശ്യമുണ്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദുൽഖർ ആണ് നായകവേഷത്തിലെത്തുന്നത്. ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Read More: 'വരനെ ആവശ്യമുണ്ട്'; പേരിലും പോസ്റ്ററിലും കൗതുകവുമായി അനൂപ് സത്യന്‍ ചിത്രം
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന 'കുറുപ്പ്' എന്ന ചിത്രവും ദുൽഖർ നിർമ്മിക്കുന്നുണ്ട്. ചിത്രത്തിൽ ദുൽഖറാണ് സുകുമാരക്കുറുപ്പായി എത്തുന്നത്. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്.
Read More: ബുൾഗാൻ താടിയും നീട്ടിയതലമുടിയും; 'കുറുപ്പ്' ഗെറ്റപ്പിൽ ദുബായിൽ ദുൽഖർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ