
മഞ്ജു വാര്യരുടെ(Manju Warrier) സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലളിതം സുന്ദരം'(Lalitham Sundaram). ചിത്രം ഒടിടി റിലീസായി ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാകും ചിത്രം റിലീസ് ചെയ്യുന്നത്. ബിജുമേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം നാളെ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മഞ്ജുവാര്യർ.
മേഘജാലകം തുറക്കുമ്പോൾ..എന്ന ഗാനമാണ് നാളെ റിലീസ് ചെയ്യുന്നത്. പതിനൊന്ന് മണിക്കാകും ഗാനം റിലീസ് ചെയ്യുക.മഞ്ജു വാര്യര്‍, ബിജു മേനോന്‍, സൈജു കുറുപ്പ്, ദീപ്തി സതി, തുടങ്ങിയവരുടെ കഥാപാത്രങ്ങളെ പോസ്റ്ററില്‍ അവതരിപ്പിച്ചിട്ടുണ്ട്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.
ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
ചിമ്പുവിന്റെ 'കൊറോണ കുമാര്‍'; വില്ലനാകാൻ ഫഹദ് ഫാസിൽ ?
ഗോകുൽ സംവിധാനം ചെയ്യുന്ന 'കൊറോണ കുമാര്‍' (Corona Kumar)എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പു(Silambarasan TR) ആണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ചിമ്പുവിന്റെ വില്ലനായി എത്തുന്നത് ഫഹദ് ഫാസിൽ ആകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 'ഇതര്‍ക്ക് താനെ ആസൈപട്ടൈ ബാലകുമാരാ' എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് കൊറോണ കുമാര്‍ ഒരുങ്ങുന്നത്. അദിതി ശങ്കര്‍ ആണ് നായികയായി എത്തുന്നത്.
ചിത്രത്തിൽ ഫഹദ് അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ വീണ്ടും തെന്നിന്ത്യൻ സിനിമയിൽ തിളങ്ങാൻ ഫഹദിന് ഇതിലൂടെ സാധിക്കും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ വിജയ് സേതുപതി അതിഥി കഥാപാത്രമായി എത്തുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉദയനിധി സ്റ്റാലിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് എത്തുമെന്ന റിപ്പോര്‍ട്ടുമുണ്ട്.
വേള്‍സ് ഫിലിം ഇന്റര്‍നാഷണലാണ് കൊറോണ കുമാറിന്റെ നിര്‍മ്മാണം. ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'വേലൈക്കാരനാ'ണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം. അതേസമയം, പുഷ്പയാണ് ഫഹദിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അല്ലു അര്‍ജുന്റെ പ്രതിനായക വേഷത്തിലാണ് ഫഹദ് ചിത്രത്തിൽ എത്തിയത്.
മാനാട് എന്ന ചിത്രത്തിലാണ് ചിമ്പു അവസാനമായി അഭിനയിച്ചത്. വെങ്കട് പ്രഭുവാമ് ചിത്രം സംവിധാനം ചെയ്തത്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തില്‍ ടൈം ലൂപ്പ് ആശയം അവതരിപ്പിക്കുകയാണ്. അബ്‍ദുള്‍ ഖാലിഖ് എന്ന നായക കഥാപാത്രമായി ചിമ്പു എത്തിയപ്പോള്‍ പ്രതിനായകനായെത്തിയ എസ് ജെ സൂര്യയും കൈയടി നേടി.