ടെലിവിഷനില്‍ മികച്ച റേറ്റിംഗുമായി 'ഫോറന്‍സിക്' ഹിന്ദി പതിപ്പ്; യുട്യൂബില്‍ 3 കോടിയിലേറെ കാഴ്ചകള്‍

By Web TeamFirst Published May 23, 2021, 4:46 PM IST
Highlights

ഈ മാസം 8 മുതല്‍ 14 വരെയുള്ള ആഴ്ചയില്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ഹിന്ദി ചിത്രങ്ങളുടെ ബാര്‍ക് റേറ്റിംഗില്‍ രണ്ടാംസ്ഥാനത്താണ് ഫോറന്‍സിക്

ടൊവീനോ തോമസ് നായകനായ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'ഫോറന്‍സിക്കി'ന്‍റെ ഹിന്ദി പരിഭാഷാ പതിപ്പിന് ടെലിവിഷനില്‍ മികച്ച പ്രതികരണം. ഈ മാസം 8 മുതല്‍ 14 വരെയുള്ള ആഴ്ചയില്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ഹിന്ദി ചിത്രങ്ങളുടെ ബാര്‍ക് റേറ്റിംഗില്‍ രണ്ടാംസ്ഥാനത്താണ് ഫോറന്‍സിക്. സീ സിനിമയില്‍ സംപ്രേഷണം ചെയ്‍ത ചിത്രത്തിന് ലഭിച്ച സ്കോര്‍ 4459 ആണ്. സ്റ്റാര്‍ ഗോള്‍ഡില്‍ പ്രദര്‍ശിപ്പിച്ച 'മാഡം ചീഫ്‍മിനിസ്റ്റര്‍' ആണ് ഒന്നാമത്.

അതേസമയം യുട്യൂബില്‍ എത്തിയിട്ടുള്ള ഫോറന്‍സിക് ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ മാസം 14ന് എത്തിയ ചിത്രത്തിന് ഇതുവരെ ലഭിച്ച കാഴ്ചകള്‍ 3.1 കോടിക്ക് മുകളിലാണ്.

 

2020 ഫെബ്രുവരി 28ന് തിയറ്ററുകളില്‍ എത്തിയ മലയാളം പതിപ്പിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ മെയ് 7ന് ഏഷ്യാനെറ്റില്‍ ആയിരുന്നു. നെറ്റ്ഫ്ളിക്സിലും ചിത്രം ലഭ്യമാണ്. അതേസമയം ചിത്രത്തിന്‍റെ തലുങ്ക് മൊഴിമാറ്റ പതിപ്പ് തെലുങ്ക് ഒടിടി പ്ലാറ്റ്ഫോം ആയ അഹ വീഡിയോയിലും റിലീസ് ആയിരുന്നു. 

ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമായ മലയാളത്തിലെ ആദ്യ സിനിമയാണ് ഫോറന്‍സിക്. സയന്‍സ് ഓഫ് ക്രൈം എന്നായിരുന്നു ചിത്രത്തിന്‍റെ ടാഗ്‍ലൈന്‍. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണു നായിക. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

click me!