'നായകന്‍റെ അടിയേറ്റ് വീഴുന്ന കഥാപാത്രമായിരുന്നു'; 'കടുവ' ഒഴിവാക്കിയ തീരുമാനത്തെക്കുറിച്ച് സുമേഷ് മൂര്‍

By Web TeamFirst Published May 23, 2021, 1:20 PM IST
Highlights

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന 'കടുവ'യിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നെന്നും എന്നാല്‍ ഒഴിവാക്കുകയായിരുന്നെന്നും മൂര്‍

ടൊവീനോ തോമസ് നായകനായി എത്തുന്ന ചിത്രം എന്നാണ് 'കള'യെക്കുറിച്ച് റിലീസിനു മുന്‍പ് പ്രേക്ഷകര്‍ ധരിച്ചിരുന്നത്. അതേസമയം ചിത്രത്തില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് ടൊവീനോ അടക്കമുള്ളവര്‍ പറയുകയും ചെയ്‍തിരുന്നു. ടൊവീനോ അല്ല ചിത്രത്തിലെ നായകന്‍ എന്നതായിരുന്നു ആ സര്‍പ്രൈസ്. ടൊവീനോ ഗ്രേ ഷെയ്‍ഡ് ഉള്ള കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സുമേഷ് മൂര്‍ ആയിരുന്നു. നേരത്തെ 'പതിനെട്ടാം പടി' എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും മൂറിന് കൈയടികള്‍ നേടിക്കൊടുത്തത് കളയിലെ കഥാപാത്രമായിരുന്നു. 

അടിച്ചമര്‍ത്തലിന്‍റെ രാഷ്ട്രീയം സംസാരിച്ച കളയിലേക്ക് ആ കാരണം തന്നെയാണ് തന്നെ ആകര്‍ഷിച്ചതെന്ന് മൂര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രധാന താരചിത്രം ഒഴിവാക്കാനുണ്ടായ കാരണത്തെക്കുറിച്ചും പറയുകയാണ് സുമേഷ് മൂര്‍. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന 'കടുവ'യിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നെന്നും എന്നാല്‍ ഒഴിവാക്കുകയുമായിരുന്നെന്ന് മൂര്‍ പറയുന്നു. കാന്‍ ചാനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് സുമേഷ് ഇതേക്കുറിച്ച് പറയുന്നത്.

"ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലേക്കും എനിക്ക് ക്ഷണമുണ്ടായിരുന്നു. നായകന്‍റെ അടിയേറ്റ് വീഴുന്ന കഥാപാത്രമാണ്. കറുത്ത വര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ എനിക്ക് അന്നുമില്ല ഇന്നുമില്ല. അതുകൊണ്ട് ആ വേഷം വേണ്ടെന്നുവച്ചു. നല്ല കഥാപാത്രങ്ങള്‍ വരട്ടെ. അതിവരെ കാക്കും. സിനിമയില്ലെങ്കിലും ജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ട്", സുമേഷ് മൂര്‍ പറയുന്നു.

കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ മൂര്‍ തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലൂടെ അഭിനയജീവിതം ആരംഭിച്ച ആളാണ്. കൊല്‍ക്കത്തയിലെ പ്രശസ്ത തീയേറ്റര്‍ ഗ്രൂപ്പിനുവേണ്ടി നാടകങ്ങള്‍ ചെയ്‍തു. വലിയ തയ്യാറെടുപ്പുകളോടെ ചെയ്ത 'മഹാഭാരത'മടക്കം വേദിയില്‍ എത്തിച്ചിട്ടുണ്ട്. കളയിലെ പേരില്ലാത്ത കഥാപാത്രത്തിനു വേണ്ടിയും ഏറെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു മൂര്‍. 

click me!