മുന്‍ കളക്ടര്‍ മികച്ച പരസ്യചിത്രത്തിന്റെ സംവിധായകന്‍! പുരസ്‌കാരം മുംബൈ ചലച്ചിത്രോത്സവത്തില്‍

By Web TeamFirst Published Dec 14, 2019, 6:17 PM IST
Highlights

മലയാളത്തിലുള്ള ചിത്രം പിന്നീട് ഹിന്ദി, ഇംഗ്ലീഷ്, അറബിക്, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ കണ്ണൂര്‍ ജില്ലയിലെ കടല്‍ത്തീരങ്ങളും കായലും കാടും ചരിത്രവും പഴമയും രുചികളുമൊക്കെയാണ് പരിചയപ്പെടുത്തുന്നത്. 

മികച്ച പരസ്യചിത്രത്തിനുള്ള അവാര്‍ഡ് നേടി കണ്ണൂര്‍ മുന്‍ കളക്ടര്‍ മിര്‍ മുഹമ്മദ് അലി. അദ്ദേഹം സംവിധാനം ചെയ്ത 'നിങ്ങള്‍ എന്റെ നാട് കണ്ടിട്ടുണ്ടോ' എന്ന ചിത്രത്തിന് എട്ടാമത് മുംബൈ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേളയിലാണ് പുരസ്‌കാരം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് പുരസ്‌കാരത്തിന് അര്‍ഹമായ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുന്ന പരസ്യചിത്രമാണ് 'നിങ്ങള്‍ എന്റെ നാട് കണ്ടിട്ടുണ്ടോ'. കണ്ണൂര്‍ അന്തര്‍ദേശീയ വിമാനത്താവളം യാഥാര്‍ഥ്യമായതിന്റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റുകളുടെ ശ്രദ്ധ ലക്ഷ്യമാക്കി ഡിടിപിസി ഇത്തരമൊരു ചിത്രത്തെക്കുറിച്ച് ആലോചിച്ചത്. മിര്‍ മുഹമ്മദ് അലിയുടെ ആദ്യ സംവിധാന സംരംഭവുമായിരുന്നു ഇത്. മലയാളത്തിലുള്ള ചിത്രം പിന്നീട് ഹിന്ദി, ഇംഗ്ലീഷ്, അറബിക്, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ കണ്ണൂര്‍ ജില്ലയിലെ കടല്‍ത്തീരങ്ങളും കായലും കാടും ചരിത്രവും പഴമയും രുചികളുമൊക്കെയാണ് പരിചയപ്പെടുത്തുന്നത്. 

അതേസമയം ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഓസ്‌ട്രേലിയന്‍ ചിത്രമായ 'ദി ടണ്‍' ആണ്. ജര്‍മ്മനിയില്‍ നിന്നുള്ള 'ബില്‍ഡിംഗ് ബ്രിഡ്ജസ്' മികച്ച ഡോക്യുമെന്ററിയായും തെരഞ്ഞെടുക്കപ്പെട്ടു.

click me!