വളരെ അപകടകാരിയായ കഥാപാത്രമാണ് കുംഭയെന്നും പറയുന്നു പൃഥ്വിരാജ്.

രാജ്യമൊട്ടാകെ കാത്തിക്കുന്ന ചിത്രമാണ് വാരണാസി. എസ് എസ് രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുമ്പോള്‍ ദൃശ്യ വിസ്‍മയമായിരിക്കും പിറക്കുക എന്നാണ് പ്രതീക്ഷ. കുംഭ എന്ന പ്രതിനായക കഥാപാത്രമായി മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജും വാരണാസിയിലുണ്ട്. വാരണാസിയിലെ കുംഭയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

പൃഥ്വിരാജിന്റെ വാക്കുകള്‍

വീല്‍ ചെയറിലിരിക്കുന്ന വില്ലന് ഇതില്‍ ഒന്നും ചെയ്യാനില്ല എന്നാണ് മിക്കവരും വിചാരിക്കുന്നത്. എന്നാല്‍ കുംഭ എന്ന കഥാപാത്രത്തിന്റെ ചിന്തകള്‍ നമ്മള്‍ വിചാരിക്കുന്നതിനും മുകളിലാണ്. വീല്‍ ചെയര്‍ അയാളുടെ പ്രോപ്പര്‍ട്ടിയില്‍ ഒന്നു മാത്രമാണ്. അതിലിരുന്ന് അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തും. പോസ്റ്ററില്‍ കണ്ടതിനപ്പുറം ആ കഥാപാത്രത്തിന് ചെയ്യാനാകും. വളരെ അപകടകാരിയായ കഥാപാത്രമാണ് കുംഭ. പലതും നിങ്ങളെ ഞെട്ടിക്കും എന്നു മാത്രമേ ഇപ്പോള്‍ പറയാനാകു. വീല്‍ ചെയര്‍ സീനുകളൊക്കെ യഥാര്‍ഥത്തില്‍ ചിത്രീകരിച്ചതാണ്. സിഐജി ഉപയോഗിച്ചിട്ടില്ല.

2027 ഏപ്രില്‍ എഴിന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റില്‍ നേരത്തെ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്‍തിരുന്നത് വൻ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രേക്ഷകർക്ക് ദൃശ്യവിസ്‍മയം സമ്മാനിക്കുന്ന വാരാണസിയുടെ ടീസര്‍ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130x100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ടീസര്‍ അനാവരണം ചെയ്യുന്നു. കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്. ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസിയുടെ റീലിസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പിആർഒ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക