'ഇനിയൊരിക്കലും കാണാൻ സാധിക്കില്ലെന്ന് അന്ന് അറിഞ്ഞിരുന്നില്ലല്ലോ വേണുച്ചേട്ടാ'

By Web TeamFirst Published Oct 11, 2021, 9:26 PM IST
Highlights

അതുല്യമായ അഭിനയ ചാതുര്യവും, താളബോധവും ഉള്ള നെടുമുടി വേണുവിന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് കെ എസ് ചിത്രയും.

മലയാള പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ നെടുമുടി വേണു (Nedumudi Venu) വിടപറഞ്ഞിരിക്കുന്നു. 73 വയസായിരുന്നു. ഒരു ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ മരണം എല്ലാവരും അറിഞ്ഞത്. അഭിനയത്തിനൊപ്പം സംഗീതത്തിലും മികവ് കാട്ടിയ നെടുമുടി വേണുവിന്റെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുകയാണ് ഗായകരായ കെ എസ് ചിത്രയും ജി വേണുഗോപാലും.

അതുല്യമായ അഭിനയ ചാതുര്യവും, താളബോധവും ഏത് വാദ്യോപകരണവും അതിന്റേതായ രീതിയിൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യാനുള്ള കഴിവും ഉള്ള അതുല്യ പ്രതിഭയുടെ വിയോഗം നികത്താനാവാത്ത നഷ്‍ടം തന്നെയാണ്. വളരെ ദു:ഖത്തോടെ വേദനയോടെ അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. ഓം ശാന്തി എന്ന് ഗായിക കെ എസ് ചിത്ര എഴുതുന്നു. സമാനതകളില്ലാത്ത നടൻ എന്ന് ഗായകൻ ജി വേണുഗോപാലും എഴുതുന്നു. 

എല്ലാം തികഞ്ഞ കലാകാരൻ. പാട്ട്, കൊട്ട്, അഭിനയം, കവിത, പദ്യപാരായണം, അങ്ങനെ പലതും. എന്റെ കല്യാണനാളുകളിലാണ് വേണുച്ചേട്ടനുമായി കൂടുതൽ അടുക്കുന്നത്. 

തിരുവനന്തപുരത്ത് പ്രകൃതി സുന്ദരമായ ഒരിടത്ത് തമ്പ്  എന്ന അദ്ദേഹത്തിന്റെ വീട്ടിലെ ഒത്തുചേരലുകൾ ഓർമ്മയിൽ നിന്ന് മായുന്നില്ല. ഇക്കഴിഞ്ഞ നാളുകളിലൊന്നിൽ ഏഷ്യാനെറ്റിലെ  സ്റ്റാര്‍ സംഗിൽ, ക്ഷീണം വകവയ്ക്കാതെ വേണുച്ചേട്ടൻ എത്തി പാട്ടും, കൊട്ടും, കവിതുമായി രംഗം കൊഴുപ്പിച്ചിരുന്നു. ഇനിയൊരിക്കലും കാണാൻ സാധിക്കില്ലെന്ന് അന്ന് അറിഞ്ഞിരുന്നില്ലല്ലോ വേണുച്ചേട്ടാ എന്നുമാണ് ജി വേണുഗോപാല്‍ എഴുതുന്നത്.

click me!