Latest Videos

'സ്വപ്‍നത്തിൻ കളിയോടമേറി കാണാത്ത കരയിൽ എത്തിയ പപ്പച്ചേച്ചി', പത്മജ രാധാകൃഷ്‍ണന്റെ ഓര്‍മയില്‍ ജി വേണുഗാപാല്‍

By Web TeamFirst Published Jun 15, 2021, 3:37 PM IST
Highlights

എം ജി രാധാകൃഷ്‍ണന്റെ ഭാര്യ പത്മജ രാധാകൃഷ്‍ണന്റെ ഓര്‍മകള്‍ക്ക് ഒരാണ്ട്.

സംഗീത സംവിധായകൻ എം ജി രാധാകൃഷ്‍ണന്റെ ഭാര്യയും സൗണ്ട് എഞ്ചിനീയര്‍ എം ആര്‍ രാജകൃഷ്‍ണന്റെ അമ്മയുമായ പത്മജ രാധാകൃഷ്‍ണന്റെ ഓര്‍മകള്‍ക്ക് ഒരാണ്ട്. കൃത്യം ഒരു വർഷം മുൻപ് ഒരുറക്കത്തിൽ നിന്ന് ഉണരുന്നത് പത്മജ രാധാകൃഷ്‍ണന്റെ വിയോഗ വാര്‍ത്ത കേട്ടാണെന്ന് ഗായകൻ ജി വേണുഗാപാല്‍ പറയുന്നു. പത്‍മജ രാധാകൃഷ്‍ണന്റെ ഫോട്ടോയും ജി വേണുഗോപാല്‍ ഷെയര്‍ ചെയ്യുന്നു. പത്മജ രാധാകൃഷ്‍ണൻ മരിച്ചപ്പോള്‍ എഴുതിയ കുറിപ്പും ചേര്‍ത്താണ് ജി വേണുഗോപാല്‍ ഓര്‍മകളുമായി എത്തുന്നത്.

ജി വേണുഗോപാലിന്റെ കുറിപ്പ്


ഉണരും വരെ നമുക്കറിയില്ല നമ്മൾ കണ്ടത് ദിവാസ്വപനങ്ങളായിരുന്നെന്ന്. സ്നേഹബന്ധങ്ങളും അങ്ങനെ തന്നെ. പിരിയും വരെ അവ നമ്മെ ഗാഢമായ് പുണരുന്നു. കൃത്യം ഒരു വർഷം മുൻപ് ഒരുറക്കത്തിൽ നിന്ന് ഞാനുണരുന്നത് നടുക്കുന്ന ഒരു വാർത്ത കേട്ടുകൊണ്ടാണ്. ഉറക്കത്തിൽ , സ്വപ്‍നത്തിൻ കളിയോടമേറി ഏതോ കാണാത്ത കരയിൽ എത്തിയ പപ്പച്ചേച്ചിയുടെ വിയോഗ വാർത്ത! ഫേസ്ബുക്ക് ഓർമ്മ , 15/06/2020:


അനേക വർഷങ്ങൾക്ക് മുൻപ്, എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ ആദ്യമായി ഒരു ഓർക്കസ്ട്രയോടൊപ്പം പാടുന്ന വേദിയിൽ, തിരുവനന്തപുരത്ത് പ്രിയദർശിനി ഹാളിൽ, ഒരാരാധിക എന്നോട് സ്റ്റേജിന്റെ വശത്ത് നിന്ന് നടന്നു വന്ന് ഒരു പാട്ട് ഞങ്ങൾക്ക് വേണ്ടി പാടുമോ എന്ന് ചോദിച്ചു.  ചെറിയ ഒരു തുണ്ട് കടലാസ്സിൽ മനോഹരമായ കൈപ്പടയിൽ  'പത്മജ ഗിരിജ'   എന്നെഴുതിയതിന് താഴെ പാട്ടിൻ്റെ ആദ്യ വരിയുമുണ്ട്, "ചക്രവർത്തിനി / നിനക്ക് ഞാനെന്റെ'. ക<D'F നാല് വരി മാത്രമെനിക്കറിയാം. സംശയത്തോടെ ആ തുണ്ട് പേപ്പറിലും ആൾക്കാരെയും നോക്കുമ്പോൾ സ്റ്റേജിനു് നേരെ മുന്നിൽ നടന്ന് വന്ന് സാക്ഷാൽ രാധാകൃഷ്‍ണൻ ചേട്ടൻ എന്ന എം ജി രാധാകൃഷ്‍ണൻ , " ആ പാട്ടവൻ പത്മജയ്ക്ക് പാടിത്തരും " എന്ന് ഉറക്കെ പ്രഖ്യാപിച്ചപ്പോൾ എന്റെ സംശയം പരിഭ്രമമായി. ആദ്യത്തെ സ്റ്റേജ്. കൂടെപ്പാടുന്നത് അക്കാലത്തെ പ്രമുഖ ഗായികയും എന്റെ ബന്ധുവുമായ  സുജാതയും. ഞാനാകെ ആറ് പാട്ടേ റിഹേഴ്‍സ് ചെയ്‍തിട്ടുട്ടുള്ളൂ. രണ്ടും കൽപ്പിച്ച് ഭയത്തോടെ ഗാനത്തിൻ്റെ ആദ്യ നാലു വരികൾ പാടി അപ്പാടേ തെറ്റിക്കുന്നൊരു ഓർമ്മയും. പത്മജ ച്ചേച്ചിയായിരുന്നു എന്റെ  ആദ്യത്തെ ആരാധകൻ എന്ന് ഞാൻ പിൽക്കാലത്ത് ചേച്ചിയോട് തമാശിക്കുമ്പോൾ 'എക്കാലത്തേയും' എന്ന് ചേച്ചി തിരുത്തുമായിരുന്നു. ആ ഗാനമേളയ്ക്ക് ശേഷം നടന്ന രാധാകൃഷ്‍ണൻ ചേട്ടന്റെയും പത്മജച്ചേച്ചിയുടെയും കല്യാണത്തിന് ഞാനും ദൃക്സാക്ഷിയായിരുന്നു.  അങ്ങനെ പത്മജ, രാധാകൃഷ്‍ണൻ ചേട്ടന്റെ പ്രിയപ്പെട്ട 'പപ്പ'യായിത്തീരുന്നു. ആകാശവാണി ലളിതസംഗീത വേദിയിൽ നിന്ന് ചേട്ടൻ എന്നെ കൈപിടിച്ച് എൺപത്തിനാല് ജൂലൈയിൽ ഒരു സിനിമയിലെ ആദ്യ നാല് വരികൾ പാടിക്കുന്നു. കാലചക്രം തിരിഞ്ഞു കൊണ്ടേയിരുന്നു. 'മേടയിൽ' കുടുംബവുമായുള്ള എന്റെ ആത്മബന്ധം ഗാഢമായിക്കൊണ്ടുമിരുന്നു. രാധാകൃഷ്‍ണൻ ചേട്ടന്റെ അവസാന നാളുകളിൽ നടന്ന സംഗീത പരിപാടികളിലെല്ലാം എന്റെ സാന്നിധ്യം നിർബന്ധപൂർവ്വം വേണമെന്ന് ചേച്ചിയും ചേട്ടനും തീരുമാനിച്ചിരുന്നു.  പാട്ടുകാരൻ എന്നതിലുപരി ഒരു സഹോദരനായിരുന്നു ഞാനവർക്ക്. ഒരു കൈത്താങ്ങ്. സ്വന്തം രോഗങ്ങളെല്ലാം മറന്നുകൊണ്ട് പത്മജച്ചേച്ചി തിരുവനന്തപുരത്തെ സാംസ്ക്കാരിക സായാഹ്നങ്ങളുടെയൊക്കെ നിറസാന്നിധ്യമായി. ചേച്ചിയുടെ സംസാരങ്ങളിലെല്ലാം സിനിമയും, സംഗീതവും, നൃത്തവും മാത്രമായ രുന്നു ടോപ്പിക്കുകൾ. ഏതാനും മാസങ്ങൾക്ക് മുൻപ് തന്റെ ഇരട്ട സഹോദരിയായ ഗിരിജ മരിച്ചപ്പോൾ പത്മജച്ചേച്ചിയെ ആകെ പരിക്ഷീണയായി കണ്ടു. 'വേണു, എന്റെ ഒരു ചിറകൊടിഞ്ഞു' എന്ന് ചേച്ചി കണ്ണീർ വാർത്തു.

 ഇക്കഴിഞ്ഞ ആഴ്‍ചകളിൽ പത്മജച്ചേച്ചി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ബുൾബുൾ, മൗത്ത് ഓർഗൻ എന്നീ ഉപകരണങ്ങൾ വായിക്കുന്ന പോസ്റ്റുകളാണ് ഇട്ടിരുന്നത്. തൽസമയം എന്റെ വാട്ട്സ് അപ്പിലേക്കും അതയച്ച് തരും. കൃത്യമായ അഭിപ്രായമറിയാൻ. അവസാന പോസ്റ്റ് ഇക്കഴിഞ്ഞ ജൂൺ പതിനൊന്നിനും, നാല്‌ ദിവസം മുൻപ്. ഒരു രാവ് പുലരിയാകുമ്പോൾ ഈ മരണവാർത്ത എന്നെ നടുക്കുന്നു. ഇന്നത്തെ എന്റെയീ പുലരിയിൽ വേണ്ടപ്പെട്ട മറ്റൊരാൾ നിത്യനിദ്രയിലേക്ക് വഴുതി വീണിരിക്കുന്നു. ഈ കണ്ണീർ മഴ തോരില്ല പത്മജച്ചേച്ചീ. ഈ നോവും കുറയില്ല.

click me!