
ചില സിനിമകൾക്കായി പ്രേക്ഷകർ വതല്ലാതങ്ങ് കാത്തിരിക്കും. സംവിധായകൻ- നടൻ കോമ്പോ, നടൻ, പ്ലോട്ട്, പ്രമോഷൻ മെറ്റീരിയലുകൾ ഒക്കെയാകാം ആ കാത്തിരിപ്പിന് കാരണം. അത്തരത്തിൽ കഴിഞ്ഞ കുറേ വർഷമായി തമിഴ് സിനിമാസ്വാദകർ കാത്തിരിക്കുന്നൊരു സിനിമയുണ്ട്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ വിക്രം നായകനായി എത്തുന്ന ധ്രുവനച്ചത്തിരം. മുൻപ് പല തവണ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം ധ്രുവനച്ചത്തിരത്തിന്റെ റിലീസ് നീണ്ടു പോകുകയായിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ധ്രുവനച്ചത്തിരം റിലീസ് ചെയ്യാൻ ഗൗതം മേനോൻ തയ്യാറെടുക്കുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഗൗതം മേനോൻ തന്നെയാണ് റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. ധ്രുവനച്ചത്തിരം ഇനി വൈകില്ലെന്നും ചിത്രം ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റ് റിലീസായി തിയേറ്ററിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും സംവിധായകൻ അറിയിച്ചു. അതിനായി അഭിനയത്തിലോ സംവിധാനത്തിലോ മറ്റ് കമ്മിറ്റ്മെന്റുകളൊന്നും താൻ കൊടുക്കുന്നില്ലെന്നും റിലീസിന് വേണ്ടി മാത്രം പരിശ്രമിക്കുകയാണെന്നും ഗൗതം മേനോൻ വ്യക്തമാക്കി. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം.
ഗൗതും മേനോന്റെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ ഇനിയും റിലീസ് മാറ്റരുതെന്നും തങ്ങളെ പറ്റിക്കല്ലെന്നും പറഞ്ഞ് വിക്രം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. 2013ൽ ആയിരുന്നു ധ്രുവനച്ചത്തിരം വരുന്നുവെന്ന അഭ്യൂഹങ്ങൾ വരുന്നത്. പിന്നാലെ ഔദ്യോഗിക പ്രഖ്യാപം എത്തുകയും 2016ൽ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. ഇതിനിടയിൽ പല കാരണങ്ങൾ ഷൂട്ടിംഗ് മാറ്റി വയ്ക്കേണ്ടിയും വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണിതെന്നാണ് വിവരം. 2023ലാണ് സിനിമ റിലീസ് ചെയ്യുന്നുവെന്ന് ഏറ്റവും ഒടുവിൽ ഗൗതം മേനോൻ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ അത് നടന്നില്ല. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഒൻപത് വർഷങ്ങൾക്കിപ്പുറമാണ് ധ്രുവനച്ചത്തിരം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.