നെറ്റ്ഫ്ളിക്സ് ചിത്രത്തില്‍ കാളിദാസ് ഞെട്ടിക്കും; ഗൗതം മേനോന്‍ പറയുന്നു

By Web TeamFirst Published Dec 9, 2020, 4:53 PM IST
Highlights

ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് ഭരദ്വാജ് രംഗന്‍ നടത്തിയ അഭിമുഖത്തില്‍ തന്‍റേതൊഴികെ മറ്റ് മൂന്ന് ചിത്രങ്ങളെക്കുറിച്ചുമുള്ള അഭിപ്രായ പ്രകടനത്തിലാണ് 'തങ്ക'ത്തെക്കുറിച്ചും അതിലെ കാളിദാസിന്‍റെ പ്രകടനത്തെക്കുറിച്ചും ഗൗതം മേനോന്‍ പറയുന്നത്

നെറ്റ്ഫ്ളിക്സിന്‍റെ തമിഴ് ഭാഷയിലെ ആദ്യ ഒറിജിനല്‍ പ്രൊഡക്ഷനാണ് ഈ മാസം 18ന് പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന 'പാവ കഥൈകള്‍'. സുധ കൊങ്കര, വെട്രി മാരന്‍, ഗൗതം വസുദേവ് മേനോന്‍, വിഗ്നേഷ് ശിവന്‍ എന്നിവര്‍ ഒരുക്കിയ നാല് ലഘുചിത്രങ്ങള്‍ ചേര്‍ന്ന സിനിമാ സമുച്ചയമാണ് പാല കഥൈകള്‍. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മലയാളികളെ സംബന്ധിച്ച് ട്രെയ്‍ലറില്‍ ആകര്‍ഷിച്ച ഒരു ഘടകം കാളിദാസ് ജയറാമിന്‍റെ വ്യത്യസ്തമായ മേക്കോവറും മികച്ച പ്രകടനത്തെക്കുറിച്ചുള്ള സൂചനയുമായിരുന്നു. സുധ കൊങ്കര സംവിധാനം ചെയ്‍തിരിക്കുന്ന 'തങ്കം' എന്ന ചിത്രത്തില്‍ സത്താര്‍ എന്ന കഥാപാത്രമായാണ് കാളിദാസ് എത്തുന്നത്. ചിത്രം കണ്ട അനുഭവത്തില്‍ കാളിദാസിന്‍റെ പ്രകടനത്തിന് മികച്ച മാര്‍ക്ക് നല്‍കിയിരുന്നു ഗൗതം വസുദേവ് മേനോന്‍. 

ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് ഭരദ്വാജ് രംഗന്‍ നടത്തിയ അഭിമുഖത്തില്‍ തന്‍റേതൊഴികെ മറ്റ് മൂന്ന് ചിത്രങ്ങളെക്കുറിച്ചുമുള്ള അഭിപ്രായ പ്രകടനത്തിലാണ് 'തങ്ക'ത്തെക്കുറിച്ചും അതിലെ കാളിദാസിന്‍റെ പ്രകടനത്തെക്കുറിച്ചും ഗൗതം മേനോന്‍ പറയുന്നത്. "സുധയുടെ (സുധ കൊങ്കര) ചിത്രത്തില്‍ ട്രാന്‍സ് ആംഗിള്‍ കടന്നുവരുന്നുണ്ട്, വളരെ മനോഹരമായ രീതിയില്‍. കാളിദാസ് അഭിനയിച്ചിരിക്കുന്ന രീതി, ആ പ്രകടനത്തെ സുധ സ്വീകരിച്ചിരിക്കുന്ന രീതി.. കഥ നടക്കുന്ന സ്ഥലത്തേക്ക് സുധ നമ്മെ കൊണ്ടുപോവുകയാണ്. ഈ കഥാപാത്രങ്ങളെല്ലാം വളരെ ലൈവ് ആയി നമ്മളിലേക്ക് എത്തിച്ചേരുന്നു", ഗൗതം വസുദേവ് മേനോന്‍ അഭിപ്രായപ്പെടുന്നു.

 

ഈ ചിത്രത്തെക്കുറിച്ചുള്ള ആദ്യ ചര്‍ച്ചയില്‍ പ്രണയത്തെക്കുറിച്ചുള്ള വ്യത്യസ്ത കഥകള്‍ എന്നാണ് ആലോചിച്ചിരുന്നതെന്നും അങ്ങനെ താന്‍ സമ്മതം മൂളുകയായിരുന്നുവെന്നും ഗൗതം മേനോന്‍ പറയുന്നു. പിന്നീട് വെട്രി മാരനാണ് ആ ആശയത്തെ 'ദുരഭിമാന കൊലകളി'ലേക്ക് എത്തിച്ചതെന്നും ഗൗതം മേനോന്‍ പറയുന്നു. ആന്തോളജി ചിത്രം എന്ന ആശയത്തെക്കുറിച്ച് നിര്‍മ്മാതാവ് ആദ്യം പറഞ്ഞപ്പോള്‍ത്തന്നെ സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ചെന്നും പിന്നീടാണ് എന്തുതരം വിഷയം സ്വീകരിക്കണമെന്ന ആലോചന നടന്നതെന്നും വെട്രി മാരന്‍ പറയുന്നു. "ആദ്യം ചെന്നൈ പശ്ചാത്തലമാക്കിയുള്ള കഥകള്‍ എന്നാണ് ആലോചിച്ചത്, പിന്നീട് ലസ്റ്റ് സ്റ്റോറീസ്, ലവ് സ്റ്റോറീസ് എന്നിങ്ങനെ ആലോചനകള്‍ നീണ്ടു. അതിനെക്കുറിച്ചുള്ള എന്‍റെ അഭിപ്രായം ഇതായിരുന്നു. ഒരു മുഖ്യധാരാ സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് ആവശ്യമുണ്ടായാലും ഇല്ലെങ്കിലും ചെയ്യുന്ന ചിത്രത്തില്‍ ഒരു ലവ് സ്റ്റോറി ആംഗിള്‍ കടന്നുവരാറുണ്ട്. ശരിക്കും ചെയ്തുചെയ്ത് അത്തരം കഥകള്‍ മടുത്തുപോയിട്ടുണ്ട്. നെറ്റ്ഫ്ളിക്സ് പോലെ ഒരു പ്ലാറ്റ്ഫോമിനുവേണ്ടി ഒരു ചിത്രം ചെയ്യാനുള്ള അവസരം ലഭിക്കുമ്പോള്‍ നമ്മുടെ കംഫര്‍ട്ട് സോണില്‍നിന്ന് അല്‍പം മാറാന്‍ ശ്രമം നടത്തണമെന്നാണ് എനിക്കു തോന്നിയത്. തുടര്‍ന്ന് നിര്‍മ്മാതാവ് തന്നെയാണ് ദുരഭിമാന കൊലകളുടെ കാര്യം പറഞ്ഞത്. ഈ വിഷയമാണെങ്കില്‍ ഞാന്‍ ഉണ്ടെന്നും അല്ലാത്തപക്ഷം പ്രണയകഥകള്‍ മാത്രമാണെങ്കില്‍ ഞാന്‍ ഇല്ലെന്നും അവിടെവച്ച് പറഞ്ഞു", വെട്രി മാരന്‍ പറയുന്നു. 

click me!