
കഴിഞ്ഞ വർഷം റിലീസ് ചെയ്ത് പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരു പോലെ നേടിയ ചിത്രമാണ് 'സൗദി വെള്ളക്ക'. 'ഓപ്പറേഷൻ ജാവ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി വീണ്ടും എത്തിയപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ ആയിരുന്നു. ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചില്ല ചിത്രമെന്ന് റിലീസ് ചെയ്ത് ആദ്യദിവസം മുതൽ തന്നെ വ്യക്തമായിരുന്നു. കലാ- സാസ്കാരിക രംഗത്തെ നിരവധി പേരാണ് സിനിമയ്ക്ക് പ്രശംസയുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സൗദി വെള്ളക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
സൗദി വെള്ളക്ക ഇഷ്ടമായെന്നും വളരെ മനോഹരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ഗൗതം വാസുദേവ് മേനോൻ പറയുന്നു. സംവിധായകൻ തരുൺ മൂർത്തിയാണ് ഗൗതം വാസുദേവിന്റെ വാക്കുകൾ പങ്കുവച്ചിരിക്കുന്നത്. "എനിക്ക് സിനിമ ശരിക്കും ഇഷ്ടമായി. എന്തൊരു ആശയം. വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു. സ്‌ക്രീൻ പ്ലേ വളരെ ലളിതവും യാഥാർത്ഥ്യവും ആയിരുന്നിട്ടും പിടിമുറുക്കുന്നതായിരുന്നു. മികച്ച പ്രകടനങ്ങൾ ലഭിച്ചു. ഡയലോഗുകളും എനിക്കിഷ്ടപ്പെട്ടു. കീപ്പ് ഇറ്റ് അപ്പ്", എന്നായിരുന്നു ഗൗതം വാസുദേവ് മേനോന്റെ വാക്കുകൾ.
ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ നിർമ്മിച്ച സൗദി വെള്ളക്കയുടെ തിരക്കഥയും തരുൺ മൂർത്തി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. മനു അങ്കിള്‍ എന്ന ചിത്രത്തിലെ ലോതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോയും ചിത്രത്തിന്റെ ഭാഗമായിരുന്നു. തിയറ്റർ റിലീസിന് പിന്നാലെ സൗദി വെളളക്ക ഒടിടിയിൽ എത്തിയപ്പോഴും ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ