'വിക്രം' സ്വീകരിച്ചില്ല, ഗൗതം മേനോനെ പുതിയ സിനിമയിലേക്കും ക്ഷണിച്ച് ലോകേഷ് കനകരാജ്

By Web TeamFirst Published Sep 8, 2022, 7:12 PM IST
Highlights

'ദളപതി 67' എന്ന പുതിയ ചിത്രത്തിലേക്കാണ് ഗൗതം മേനോന് ക്ഷണം ലഭിച്ചത്.

തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രമാണ് 'വിക്രം'. നായകനായ കമല്‍ഹാസനു പുറമേ വലിയ താരനിര അണിനിരന്ന ചിത്രമായിരുന്നു 'വിക്രം'. 'വിക്ര'ത്തിലെ ഒരു സുപ്രധാന കഥാപാത്രമാകാൻ ആദ്യം പരിഗണിച്ചിരുന്നത് സംവിധായകൻ ഗൗതം വാസുദേവ് മേനോനെ ആയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.

'വിക്ര'ത്തില്‍ ഒരു വേഷത്തിലേക്ക് ലോകേഷ് തന്നെ ക്ഷണിച്ചിരുന്നു. അന്ന് ചില തിരക്കുകള്‍ മൂലം പോകാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്കും തന്നെ ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഗൗതം വാസുദേവ് മേനോൻ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

വിജയ്‍യെ നായകനാക്കിയാണ് ലോകേഷ് കനകരാജ് അടുത്ത സിനിമ സംവിധാനം ചെയ്യുന്നത്.  'ദളപതി 67' എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ആക്ഷൻ കിംഗ് അര്‍ജുൻ ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 'വിക്ര'ത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമായതിനാല്‍ 'ദളപതി 67'ല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത്.

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം  'വെന്ത് തനിന്തതു കാട്' ആണ്. ചിമ്പുവാണ് നായകൻ. എ ആര്‍ റഹ്‍മാൻ ആണ് സംഗീത സംവിധായകൻ. ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും  ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു. സെപ്റ്റംബര് 15ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് ചിത്രം വിതരണം ചെയ്യുക.

Read More : ഇത് വിനയന്റെ ദൃശ്യവിസ്‍മയം, 'പത്തൊമ്പതാം നൂറ്റാണ്ട്' റിവ്യു

click me!