നായകനായി ചിമ്പു, ഗൗതം മേനോന്റെ സംവിധാനം, റഹ്‍മാന്റെ സംഗീതം, അതിമധുരമായ പ്രണയഗാനം- വീഡിയോ

By Web TeamFirst Published Sep 13, 2022, 3:04 PM IST
Highlights

'ഉന്നെ നിനച്ചതും' എന്ന ഗാനം പുറത്തുവിട്ടു.

'വിണ്ണൈത്താണ്ടി വരുവായി' ഇന്നും പ്രേക്ഷകര്‍ ഓര്‍മയില്‍ സൂക്ഷിക്കുന്ന ചിത്രമാണ്. ഗൗതം വാസുദേവ മേനോന്റെ സംവിധാനത്തില്‍ ചിമ്പുവും തൃഷയും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എ ആര്‍ റഹ്‍മാനായിരുന്നു ആ മാജിക് ഗാനങ്ങളുടെ സംഗീത സംവിധാനം. ഗൗതം വാസുദേവ് മേനോനും ചിമ്പുവും എ ആര്‍ റഹ്‍മാനും വീണ്ടും ഒന്നിക്കുകയാണ്.  'വെന്തു തനിന്തതു കാട്' എന്ന ചിത്രത്തിനായാണ് ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുന്നത്. ട്രെയിലറിന് വലിയ വരവേല്‍പ് ലഭിച്ചിരുന്നു. അതിമനോഹരമായ ഒരു റൊമാന്റിക് ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

'ഉന്നെ നിനച്ചതും' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ചിമ്പുവും സിദ്ധി ഇദ്‍നാനിയും അഭിനയിക്കുന്ന ഗാന രംഗം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ പ്രേക്ഷകര്‍. നേരത്തെ 'മല്ലിപ്പൂ' എന്ന മനോഹരമായ ഒരു ഗാനത്തിന്റ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടത് ഹിറ്റായിരുന്നു. 'വെന്തു തനിന്തതു കാടി'ന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിവിധ വാര്‍ത്താവൃത്തങ്ങളെ അടിസ്ഥാനമാക്കി സിനിമാ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്.

ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും  ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു. സെപ്റ്റംബര് 15ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് ചിത്രം വിതരണം ചെയ്യുക.

ചിമ്പുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം 'മഹാ' ആണ്. ഹന്‍സിക മൊട്‍വാനി പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ചിമ്പു എക്സ്റ്റന്റ് കാമിയോ ആയിട്ടായിരുന്നു എത്തിയത്. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

Read More : ഗൗതം മേനോൻ സിനിമ സെൻസര്‍ ചെയ്‍തു, കാത്തിരിപ്പിന് വിരാമമിട്ട് 'വെന്ത് തനിന്തതു കാട്' എത്തുന്നു

click me!