താങ്കളുന്നയിച്ച എല്ലാ രാഷ്ട്രീയ വിമർശനങ്ങൾക്കും അപ്പുറമായ രാഷ്ട്രീയമാണ് അവളുടെ നിലവിളി; ശ്രീനിവാസന് മറുപടിയുമായി ഗീത

By Web TeamFirst Published May 7, 2019, 11:47 AM IST
Highlights


താങ്കളുടെ സഹപ്രവർത്തക അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനവും തീവ്ര വേദനയും താങ്കളുടെ എല്ലാ സങ്കല്പങ്ങൾക്കുമപ്പുറത്തുള്ളതാണെന്ന് ദയവായി അറിഞ്ഞാലും. ആക്രമിക്കപ്പെട്ടവളെ വീണ്ടും ആക്രമിക്കുന്ന ഒരു ക്രൂര പുരുഷനായി എന്റെ പ്രിയ നടനെയും തിരക്കഥാകൃത്തിനെയും അറിയാൻ ഞാൻ താല്പര്യപ്പെടുന്നില്ല.

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന നടന്‍ ശ്രീനിവാസന്‍റെ പ്രതികരണത്തിന് ഏറെ വിമര്‍ശനമാണ് സംസ്കാരിക കേരളത്തില്‍ നിന്ന് ഉയരുന്നത്. ആക്രമിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ നിശബ്ദ നിലവിളികൾ കേൾക്കാനും അവളുടെ അപമാനം തിരിച്ചറിയാനും ഒരു കലാകാരനെന്ന നിലയിൽ താങ്കൾ ബാധ്യസ്ഥനാണ്. കാരണം താങ്കളുന്നയിച്ച എല്ലാ രാഷ്ട്രീയ വിമർശനങ്ങൾക്കും അപ്പുറമായ രാഷ്ട്രീയമാണ് അവളുടെ നിലവിളിയെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗീത എഴുതുന്നു. 

താങ്കളുടെ സഹപ്രവർത്തക അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനവും തീവ്ര വേദനയും താങ്കളുടെ എല്ലാ സങ്കല്പങ്ങൾക്കുമപ്പുറത്തുള്ളതാണെന്ന് ദയവായി അറിഞ്ഞാലും. ആക്രമിക്കപ്പെട്ടവളെ വീണ്ടും ആക്രമിക്കുന്ന ഒരു ക്രൂര പുരുഷനായി എന്റെ പ്രിയ നടനെയും തിരക്കഥാകൃത്തിനെയും അറിയാൻ ഞാൻ താല്പര്യപ്പെടുന്നില്ല. അതു കൊണ്ടാണ് ഇത്തരം ഒരു കുറിപ്പെഴുതുന്നത്. 

അല്ലാതെ താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ഉദ്ദേശിച്ചു കൊണ്ടോ ആരെയെങ്കിലും കുറ്റപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടോ ഉള്ളതല്ല ഇത്. താങ്കളുടെ ആരോപണ വിധേയനായ സഹപ്രവർത്തകനെ സംരക്ഷിക്കാൻ ഏതറ്റം വരെയും താങ്കൾ പോകൂ. അതു സൗഹൃദത്തിന്റെയും സഹപ്രവർത്തനത്തിന്റെയും അവകാശമായി തിരിച്ചറിയാൻ എനിക്കാവുമെന്നും എഴുതുന്ന ഗീത, താന്‍ ഏറെ ഇഷ്ടപ്പെടുന്ന തിരക്കാഥാകൃത്തും നാടനുമാണ് ശ്രീനിവാസനെ പോലുള്ളവര്‍ ഇത്തരമൊരു നിലപാടെടുത്താല്‍, ആണുങ്ങളുടേതു മാത്രമാണ് ലോകമെന്ന് താങ്കളെപ്പോലുള്ളവർ പോലും വിധിച്ചാൽ പിന്നെ ബാക്കിയുള്ളവരുടെ കഥയെന്താവും? അവർ സ്ത്രീകളായ ഞങ്ങളെ എങ്ങനെ വിലയിരുത്തുമെന്നു ഞാൻ ഭയക്കുന്നെന്നും എഴുതുന്നു.

ഗീതയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം: 

പ്രിയ ശ്രീനിവാസൻ

നടൻ എന്ന നിലക്കും തിരക്കഥാകൃത്ത് എന്ന നിലക്കും ഞാൻ താങ്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്റെ തലമുറയിലെ /യുടെ കലാകാരനാണ് താങ്കൾ എന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നു. താങ്കളുടെ സന്ദേശം പോലുള്ള സിനിമകൾ ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങളെ ഉൾക്കൊണ്ട ഒരു വ്യക്തിയുമാണ് ഞാൻ. മോഹൻലാൽ -ശ്രീനിവാസൻ കൂട്ടുകെട്ടിലെ ഹാസ്യ രംഗങ്ങളോളം എന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവയാണ്. താങ്കളുടെ ജൈവകൃഷി സംരംഭത്തെയും കൗതുകത്തോടെയും പ്രതീക്ഷയോടെയും നിരീക്ഷിച്ച ഒരാളാണു ഞാൻ. താങ്കളുടെ രോഗാവസ്ഥകൾ എന്നെ ഉത്കണ്ഠപ്പെടുത്തി. 1998 ലെ കേരളാ സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെ രൂപീകരണവും പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരിട്ട് ഇടപെടേണ്ടി വന്നപ്പോഴും എനിക്ക് താങ്കളെപ്പറ്റി പ്രതികൂലമായി ഒന്നും പറയാനുണ്ടായിരുന്നില്ല.

എന്നാൽ

നടിയെ ആക്രമിച്ച സംഭവം കെട്ടിച്ചമച്ചതാണെന്നും wcc യുടെ രൂപീകരണത്തിലും നിലപാടുകളിലും ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതായി ഓൺലൈൻ വാർത്തകളിൽ കാണുമ്പോൾ എനിക്കു ശരിക്കും നിരാശയുണ്ടാകുന്നു. സൂര്യനെല്ലി വിതുര ഐസ് ക്രീം പാർലർ കവിയൂർ കിളിരൂർ തുടങ്ങിയ പ്രമാദമായ സംഭവങ്ങളിലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പെൺകുട്ടികളെപ്പറ്റി താങ്കൾ കേട്ടിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. മരിച്ചു പോയ അഭയ എന്ന കന്യാസ്ത്രീയെ താങ്കൾ മറന്നിട്ടുണ്ടാവില്ല എന്നും കരുതുന്നു. ഇല്ലെങ്കിൽ വേണ്ട ക്രൈം ഫയൽ, ജനകൻ, അച്ഛനുറങ്ങാത്ത വീട് എന്നീ സിനിമകൾക്കാസ് പദങ്ങളായ സംഭവങ്ങളെപ്പറ്റി താങ്കളുടെ സഹപ്രവർ'ത്തകരായ കെ മധു ,എൻ ആർ സഞ്ജയ് ,ലാൽ ജോസ് എന്നിവർ പറയുന്നതെങ്കിലും കേട്ടിരിക്കുമല്ലോ. സമീപകാലത്ത് കേരളത്തിൽ കോളിളക്കമുണ്ടാക്കിയ കന്യാസ്ത്രീ സമരത്തെപ്പറ്റി തീർച്ചയായും താങ്കൾ കേട്ടിരിക്കും.

മേൽ സൂചിപ്പിച്ച സംഭവങ്ങൾ എല്ലാം കെട്ടിച്ചമച്ച കഥകൾ എന്നു താങ്കൾ കരുതുന്നുണ്ടോ? ആണുങ്ങളുടേതു മാത്രമാണ് ലോകമെന്ന് താങ്കളെപ്പോലുള്ളവർ പോലും വിധിച്ചാൽ പിന്നെ ബാക്കിയുള്ളവരുടെ കഥയെന്താവും? അവർ സ്ത്രീകളായ ഞങ്ങളെ എങ്ങനെ വിലയിരുത്തുമെന്നു ഞാൻ ഭയക്കുന്നു.

പിന്നെ എന്തിനാണ് പ്രിയ ശ്രീനിവാസൻ സ്ത്രീകൾ ഇത്തരം കഥകൾ കെട്ടിച്ചമക്കുന്നതെന്നാണ് താങ്കളുടെ അഭിപ്രായം? താങ്കളുടെ സഹപ്രവർത്തക അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനവും തീവ്ര വേദനയും താങ്കളുടെ എല്ലാ സങ്കല്പങ്ങൾക്കുമപ്പുറത്തുള്ളതാണെന്ന് ദയവായി അറിഞ്ഞാലും. ആക്രമിക്കപ്പെട്ടവളെ വീണ്ടും ആക്രമിക്കുന്ന ഒരു ക്രൂര പുരുഷനായി എന്റെ പ്രിയ നടനെയും തിരക്കഥാകൃത്തിനെയും അറിയാൻ ഞാൻ താല്പര്യപ്പെടുന്നില്ല. അതു കൊണ്ടാണ് ഇത്തരം ഒരു കുറിപ്പെഴുതുന്നത്. അല്ലാതെ താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ഉദ്ദേശിച്ചു കൊണ്ടോ ആരെയെങ്കിലും കുറ്റപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടോ ഉള്ളതല്ല ഇത്. താങ്കളുടെ ആരോപണ വിധേയനായ സഹപ്രവർത്തകനെ സംരക്ഷിക്കാൻ ഏതറ്റം വരെയും താങ്കൾ പോകൂ. അതു സൗഹൃദത്തിന്റെയും സഹപ്രവർത്തനത്തിന്റെയും അവകാശമായി തിരിച്ചറിയാൻ എനിക്കാവും.

പക്ഷേ പ്രിയ ശ്രീനിവാസൻ , ആക്രമിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ നിശബ്ദ നിലവിളികൾ കേൾക്കാനും അവളുടെ അപമാനം തിരിച്ചറിയാനും ഒരു കലാകാരനെന്ന നിലയിൽ താങ്കൾ ബാധ്യസ്ഥനാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം താങ്കളുന്നയിച്ച എല്ലാ രാഷ്ട്രീയ വിമർശനങ്ങൾക്കും അപ്പുറമായ രാഷ്ട്രീയമാണ് അവളുടെ നിലവിളി.
 

 

click me!