
കൊച്ചി: 'അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം. അവൾ അവൾക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി,ഭംഗിയായി ചെയ്യുന്നു. ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു.
അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ അഭിരുചികളെ അവൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നു. അതാണ് പെണ്ണ്, അതായിരിക്കണം പെണ്ണ്'...
നടിയും അസിസ്റ്റന്‍റ് ഡയറക്ടറുമായ ഉണ്ണിമായ പ്രസാദിനെക്കുറിച്ച് ഭര്‍ത്താവും തിരക്കഥാകൃത്തുമായ ശ്യാം പുഷ്കരന്‍റെ അമ്മ ഗീത പുഷ്കരന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 'മഹേഷിന്‍റെ പ്രതികാര'ത്തിലെ സാറയായും 'പറവ'യിലെ മായാ മിസ്സായും പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളുടെ കയ്യടി നേടുകയാണ്.
ഗീത പുഷ്കരന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...
കഴിഞ്ഞ നാൽപ്പതു വർഷം എന്താ ചെയ്തത്?
എന്നോടു തന്നെയാ ചോദ്യം ..
ആ... ആർക്കറിയാം..
കഞ്ഞീം കറീം വച്ചു കളിച്ചു.
കെട്ടിയോനുമായി വഴക്കുണ്ടാക്കി.
മക്കളോടും നാട്ടുകാരോടും വഴക്കുണ്ടാക്കി.
ഇൻലാൻഡും കവറും വിറ്റു.
വേണ്ടതിനും വേണ്ടാത്തതിനും വഴക്കു കേട്ടു.
വേറെ എന്താ ചെയ്തിരുന്നേ..
ഒന്നുല്ല അല്ലേ...
അതുകൊണ്ടാ എനിക്കെന്റെ മരുമോളെ
പെരുത്തിഷ്ടം.
അവൾ അവൾക്കു നല്ലതെന്ന് തോന്നുന്നത്
വൃത്തിയായി,ഭംഗിയായി ചെയ്യുന്നു.
ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു.
അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ
അഭിരുചികളെ അവൾ കണ്ടെത്തി
പരിപോഷിപ്പിക്കുന്നു.
അതാണ് പെണ്ണ് ,അതായിരിക്കണം പെണ്ണ്.
അല്ലാതെ ഔദ്യോഗിക ജീവിതത്തിൽ കിട്ടുന്ന
ഉയർച്ച പോലും ഉപേക്ഷിച്ചു്, കുട്ടികളെ
നല്ല സ്കൂളുകളിൽ പഠിപ്പിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടതു
സഹിച്ചു്, ഒരു പാട്ടു പോലും മൂളാതെ
ഒരു യാത്ര പോകാതെ
പെറ്റമ്മക്ക് ഒരു ഉടുതുണി പോലും വാങ്ങിക്കൊടുക്കാതെ
ഒരു ഐസ് ക്രീം പോലും കഴിക്കാതെ
ഒരു ചാറ്റൽമഴ പോലും നനയാതെ
ആകാശവും ഭൂമിയും മേഘങ്ങളും പുഴയും
കാണാതെ
ഒരു കുടമുല്ലപ്പൂവിനെ ഉമ്മ വയ്ക്കാതെ
ഏറ്റവും പ്രിയമായി തോന്നിയ ഒരു പെർഫ്യൂം
ഏതെന്നു പോലും കണ്ടെത്താനാവാതെ
ഒരു നിലാവുള്ള രാവു പോലും കാണാതെ
കാടും കടലും തിരിച്ചറിയാതെ
ഉണ്ടുറങ്ങി മരിക്കലല്ല ജീവിതം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ