
ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച നടൻ മോഹൻലാലിനെ പ്രശംസിച്ച് നിർമാതാവ് ഗോകുലം ഗോപാലൻ. മോഹൻലാലിന് അവാർഡുകൾ എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ലെന്നും അർഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെയാണെന്നും ഗോകുലം ഗോപാലൻ പറയുന്നു.
"40 വർഷത്തിലേറെയായ ആത്മബന്ധം. ഓരോ കണ്ടുമുട്ടലും മറക്കാനാവാത്ത സ്നേഹബന്ധം. മനസ്സ് നിറയ്ക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി. അവാർഡുകൾ എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ല. അർഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെ.! അടുത്തുനിന്ന് ആ സ്നേഹം അനുഭവിച്ച ഞാനറിയുന്നു, ഈശ്വരാനുഗ്രഹത്തിന്റെ ആ കരസ്പർശം.! അംഗചലനങ്ങൾ കൊണ്ട് അഭിനയത്തിൽ കവിത രചിക്കുന്ന മോഹനനടനം. വിസ്മയിപ്പിക്കുന്ന കഴിവുകൾ വാക്കുകൾക്കതീതം. വർണ്ണനകൾക്ക് അപ്പുറമുള്ള സ്നേഹത്തിന്റെ ഊഷ്മളത. പ്രതിസന്ധികളിൽ കൈവിടാതെ ചേർത്തുപിടിക്കുമെന്ന വിശ്വാസം. അതിർവരമ്പുകളില്ലാത്ത സൗഹൃദം, സഹോദര്യം. പ്രിയ ലാൽ ഇന്ന് ‘ഫാൽക്കെ അവാർഡ്’ നെഞ്ചോടു ചേർത്തിരിക്കുന്നു.! ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു!", എന്നാണ് ഗോകുലം ഗോപാലൻ കുറിച്ചത്.
ദില്ലിയിലെ വിഗ്യാൻ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് ഫാല്‍കെ പുരസ്കാരം മോഹന്‍ലാലിന് സമ്മാനിച്ചത്. ഭാര്യ സുചിത്രയും മോഹന്‍ലാലിന് ഒപ്പമുണ്ടായിരുന്നു. അവാർഡ് വിതരണ വേദയിൽ മോഹൻലാലിനെ പ്രശംസിച്ച് കൊണ്ടുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. താങ്കൾ ഒരു ഉഗ്രൻ നടനാണെന്ന് ആയിരുന്നു മന്ത്രിയുടെ വിശേഷണം. 2023ലെ പരമോന്നത പുരസ്ക്കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ