
മലയാളത്തിന്‍റെ ബിഗ് സ്ക്രീനിലെ ഏറ്റവും വലിയ ചിത്രമായ എമ്പുരാന്‍റെ റിലീസുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക സാഹചര്യങ്ങള്‍ തടസമാവുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ശ്രീ ഗോകുലം മൂവീസ് സഹനിര്‍മ്മാതാക്കളായി എത്തിയതോടെ ചിത്രം മുന്‍നിശ്ചയപ്രകാരം 27 ന് തന്നെ എത്തുമെന്ന് ഉറപ്പായി. ആശിര്‍വാദ് സിനിമാസിനും ലൈക്ക പ്രൊഡക്ഷന്‍സിനും ഒപ്പമാണ് ശ്രീ ഗോകുലം മൂവീസും ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കള്‍ ആയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ശ്രീ ഗോകുലം മൂവീസിന്‍റെ പങ്കാളിത്തത്തിന് കാരണമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗോകുലം ഗോപാലന്‍.
"മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇത്. അത്ര മനോഹരമായാണ് പൃഥ്വിരാജ് ഇത് ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിൻ്റെ കുറച്ചു ഭാഗങ്ങൾ കണ്ടപ്പോൾ എനിക്ക് തോന്നിയത് അതാണ്. ഇത്രയും മികച്ച ഒരു സിനിമ ഒരു തടസങ്ങളും കൂടാതെ പറഞ്ഞ സമയത്ത് തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടും ലാലിനോടും ആന്റണിയോടും ഉള്ള സ്നേഹം കൊണ്ടും തന്നെയാണ് ഞാൻ ഇതിൽ പങ്കാളി ആയത്. ഇത് ഏറ്റെടുത്തത് ഒരു നിമിത്തമാണ്", ഗോകുലം ഗോപാലന്‍ പറയുന്നു.
റിലീസിന് മുമ്പേ തന്നെ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ് എമ്പുരാൻ. ചിത്രത്തിൻ്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ചു ഇതിനോടകം 8 ലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ചിത്രത്തിൻ്റേതായി ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ പുതിയ റെക്കോർഡ് ആണ്. ആദ്യ 48 മണിക്കൂറിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോകുന്നത് ഇതാദ്യമായാണ്. ബുക്കിംഗ് ട്രെൻഡിംഗിൽ ഒരു മണിക്കൂറിൽ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റും ചിത്രം റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാർച്ച് 27 ന് ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ചിത്രത്തിൻ്റെ ആഗോള പ്രദർശനം ആരംഭിക്കും. ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷനും ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്ര/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. ഇതിനോടകം 35 കോടിയോളം രൂപയാണ് പ്രീ സെയിൽസ് വഴി മാത്രം ചിത്രം ആഗോള തലത്തിൽ നേടിയത്. കേരളത്തിൽ നിന്ന് 10 കോടിയോളം പ്രീ സെയിൽസ് ആയി നേടിയ ചിത്രം വിദേശത്ത് നിന്നും 20 കോടിക്ക് മുകളിൽ നേടി. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. കർണാടകയിൽ ഇതിനോടകം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസ് ബുക്കിംഗിലൂടെ മാത്രം നേടിയ ചിത്രത്തിൻ്റെ തമിഴ്നാട് ബുക്കിങ്ങും റെക്കോർഡുകൾ ഭേദിക്കുകയാണ്.
മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ അയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. കോ പ്രൊഡ്യൂസർ - വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി, ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റർ- അഖിലേഷ് മോഹൻ, കലാസംവിധാനം- മോഹൻദാസ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ - നിർമൽ സഹദേവ്.
ALSO READ : 'എന്‍റെ വീട്ടുകാരോട് ചെയ്ത ഏറ്റവും വലിയ തെറ്റ്'; മനസ് തുറന്ന് പാർവതി വിജയ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ