
ചെന്നൈ: വാർത്താസമ്മേളനത്തിടെയുള്ള അധിക്ഷേപത്തില്‍ മാപ്പ് പറയില്ലെന്ന യൂട്യൂബറുടെ നിലപാടിന് പിന്നാലെ പ്രതികരിച്ച് നടി ഗൗരി കിഷൻ. ചിലർ ഒരിക്കലും പഠിക്കില്ലെന്ന് ഗൗരി കിഷൻ പ്രതികരിച്ചു. അറിവില്ലായ്മയും ആണധികാര പ്രവണതയും നിർഭാഗ്യകരമാണ്. എത്രമാത്രം തരംതാഴാൻ കഴിയുമെന്നും ഗൗരി കിഷൻ പറഞ്ഞു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ഗൗരിയുടെ പ്രതികരണം.
ഗൗരിയുടെ പുതിയ സിനിമയായ അദേഴ്‌സിന്റെ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങിനെതിരെയാണ് ഗൗരി ജി കിഷന്‍ തുറന്നടിച്ചത്. നടിയുടെ ഭാരയും ഉയരത്തെയും കുറിച്ച് സിനിമയുടെ സംവിധായകനോട് ചോദിച്ച യൂട്യൂബര്‍ക്കാണ് ഗൗരി ചുട്ടമറുപടി നല്‍കിയത്. തന്‍റെ ഭാരവും സിനിമയും തമ്മിൽ എന്ത് ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. ബഹുമാനം ഇല്ലാത്ത ചോദ്യത്തിന് മാപ്പ് പറയണമെന്നും നടി പറഞ്ഞു. എന്നാൽ, ചോദ്യത്തോടെ രൂക്ഷമായി പ്രതികരിച്ച നടിയാണ് മാപ്പ് പറയേണ്ടതെന്നായിരുന്നു ചോദ്യം ഉന്നയിച്ചയാളുടെ മറുപടി. ഗൗരിയോട് തട്ടിക്കയറുകയും ചെയ്തു. മാധ്യമപ്രവർത്തകൻ ആയി വർഷങ്ങളുടെ പരിചയം ഉണ്ടെന്നും ചോദ്യത്തിൽ തെറ്റില്ലെന്നുമായിരുന്നു യൂട്യൂബറുടെ മറുപടി. എന്നാൽ, ഗൗരി തന്‍റെ നിലപാടിൽ ഉറച്ചുനിന്ന് മാപ്പു പറയണമെന്ന് പറഞ്ഞു.
വാർത്താസമ്മേളനത്തിൽ നടി ഗൗരി കിഷനെതിരായ അധിക്ഷേപത്തില്‍ മാപ്പ് പറയില്ലെന്ന് യൂട്യൂബർ ആർ എസ് കാർത്തിക്. ഗൗരിക്ക് നേരേ വീണ്ടും അധിക്ഷേപം ഉയര്‍ത്തുകയാണ് കാർത്തിക്. പ്രതികരണം പിആർ സ്റ്റണ്ടെന്ന് കാർത്തിക് ആരോപിക്കുന്നു. 32 വർഷത്തെ അനുഭവസമ്പത്തുള്ള ‘മുതിർന്ന’ മാധ്യമപ്രവർത്തകനാണ് താനെന്നും താൻ തെറ്റൊന്നും ചോദിച്ചിട്ടില്ലെന്നും ആർ എസ് കാർത്തിക് പറയുന്നു. വിഡ്ഢി എന്ന് വിളിച്ചത് ഗൗരിയാണ്. നടിയെ നടൻ എടുത്തുയർത്തിയെന്ന് പറഞ്ഞാൽ നാല് പേര് കൂടുതൽ വരും. ‘ജോളി’ ആയിരിക്കാൻ വേണ്ടിയാണ് ചോദിച്ചത്. ട്രംപിനെയും മോദിയെയും കുറിച്ച് നടിയോട് ചോദിക്കണോ. അതുകൊണ്ടാണ് അവിടെയുള്ള മറ്റ് മാധ്യമപ്രവർത്തകർ ചിരിച്ചതെന്നും വിചിത്രന്യായം. തമിഴ് മാധ്യമത്തോടായിരുന്നു യൂട്യൂബർ ആർ എസ് കാർത്തികിന്‍റെ പ്രതികരണം.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഗൗരിയെ പിന്തുണച്ച് സിനിമാ മേഖലയിൽ കൂടുതൽ പേർ രംഗത്തെത്തി. മാന്യമല്ലാത്ത ചോദ്യങ്ങൾ തമിഴ് സിനിമാലോകം എത്ര പിന്നിലെന്നത്തിന്റെ തെളിവാണ് ഇപ്പോല്‍ പുറത്ത് വന്നതെന്ന് സംവിധായകൻ പാ രഞ്ജിത്ത് പ്രതികരിച്ചു. സമാനമായ ദുരനുഭവം നേരിട്ടപ്പോൾ പകച്ചു പോയെന്നും ഗൗരിയെ കുറിച്ച് അഭിമാനം എന്നും നടി അതുല്യ രവി പറഞ്ഞു. താരത്തിന് പിന്തുണയുമായി നടി ഖുശ്ബു സുന്ദർ, നടന്‍ കവിന്‍, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി. ശക്തമായി പ്രതികരിച്ചതിൽ അഭിനന്ദനമെന്ന് ഖുശ്ബു എക്സിൽ കുറിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ