
കോഴിക്കോട്: വംശഹത്യയുടെ ജൈവ- ഭൗമ-വംശീയ രാഷ്ട്രീയം ചർച്ച ചെയ്ത് ഗുഫ്തുഗു ഫിലിം ഫെസ്റ്റിവൽ 2026. ഫെബ്രുവരി എട്ട് ഞായറാഴ്ച കോഴിക്കോട് ശിക്ഷക് സദനിലായിരുന്നു ഏകദിന പരിപാടി സംഘടിപ്പിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബി ഉദ്ഘാടനം നിർവഹിച്ചു. 'ഗുഫ്തുഗു' പോലെയുള്ള കലാ-സാംസ്‌കാരിക കൂട്ടായ്മകളുടെ ആവശ്യകത വർധിച്ചുവരുന്ന കാലമാണിതെന്ന് ജിയോ ബേബി ചൂണ്ടിക്കാണിച്ചു.
വംശഹത്യ പ്രമേയമായി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ നിരവധി സാംസ്‌കാരിക - സിനിമ പ്രവർത്തകർ പങ്കെടുത്തു. 'വംശഹത്യയുടെ ഇടനിലക്കാർ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ ഇ എൻ, ഗസ്സയിലുൾപ്പെടെ പ്രവർത്തനപരിചയമുള്ള ഡോക്ടേഴ്‌സ് ബിയോണ്ട് ബോർഡേഴ്‌സ് വളന്റിയർ ഡോ. സന്തോഷ് കുമാർ, സാമൂഹിക പ്രവർത്തകയായ നിഹാരിക പ്രദോഷ് എന്നിവർ സംസാരിച്ചു. വംശഹത്യയുടെ വിവിധ രൂപങ്ങൾ, ജൈവശാസ്ത്ര കാരണങ്ങൾ, നേരനുഭവങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകള്‍. വംശഹത്യയുടെ ഭീകരത മരണസംഖ്യകളിലോ അതിന്റെ രൂപത്തിലോ മാത്രമൊതുങ്ങുന്നതല്ല, വംശഹത്യാനന്തരം അതിജീവിക്കുന്നവരുടെ നിത്യജീവിതവും ഈ ഭീകരതയുടെ ബാക്കിപത്രമാണെന്നും ചർച്ച അഭിപ്രായപ്പെട്ടു. പ്രതിരോധത്തിന്റെ സാധ്യതകൾ കൂടി അന്വേഷിച്ച ചർച്ച നിയന്ത്രിച്ചത് കെ.ഇ.എൻ ആയിരുന്നു. ഡോ. സന്തോഷ് കുമാർ പങ്കുവെച്ച പലസ്തീനിലെ അനുഭവങ്ങള്‍ സദസ്സിൽ ഞെട്ടലുണ്ടാക്കി. ഭരണകൂട സമീപനങ്ങളും ജനകീയ പ്രതിരോധത്തിന്റെ സാധ്യതയിലുമൂന്നിയായിരുന്നു പാനലിസ്റ്റായ നിഹാരിക സംസാരിച്ചത്.
അതേസമയം, സിനിമ മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ഗുഫ്തുഗു ഫിലിം ഫെസ്റ്റിവൽ വേദിയായി. സംവിധായകരായ സുധ ലൂണ, കുഞ്ഞില മസിലാമണി, അഫ്രദ് വികെ, എഴുത്തുകാരി ദീദി ദാമോദരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മാധ്യമപ്രവർത്തക ചന്ദ്ര സ്വസ്തിയായിരുന്നു ചർച്ച നയിച്ചത്.
ലിംഗ നീതിയുടെ കാര്യത്തിൽ മലയാള സിനിമ പിന്നോട്ടുനടക്കുകയാണെന്ന് വിമർശനമുയർന്ന ചർച്ചയിൽ, പ്രോപഗണ്ട സിനിമകളും സംസാര വിഷമായി. ഒളിച്ചുകടക്കുന്ന സ്ത്രീ വിരുദ്ധതയും ന്യൂനപക്ഷ വിരുദ്ധതയും പ്രോപഗണ്ട സിനിമകളെ പോലെ തന്നെ അപകടകരമാണെന്നായിരുന്നു ദീദി ദാമോദരൻ അഭിപ്രായപ്പെട്ടു. പി ഭാസ്കരൻ, രാമു കാര്യാട്ട് ചേർന്ന് സംവിധാനം ചെയ്ത 'നീലക്കുയിൽ' മുതലുള്ള സിനിമകളിൽ അത്തരം സ്ത്രീ വിരുദ്ധത വ്യക്തമാണെന്നും ദീദി ചൂണ്ടിക്കാണിച്ചു.
'കാതൽ' സിനിമ എടുത്തതിന്റെ പേരിൽ തന്റെ മക്കൾക്ക് സ്കൂളിലും താമസസ്ഥലത്തുമൊക്കെ നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങളും കളിയാക്കലുകളും ജിയോ ബേബി എടുത്തുപറഞ്ഞു. സമൂഹത്തിന്റെ തിരിഞ്ഞുനടത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നതായിരുന്നു കുഞ്ഞിലയുടെയും സുധ ലൂണയുടെയും പ്രതികരണങ്ങൾ. ദുരന്തർ പ്രോപഗണ്ട പടമാണെന്നതിൽ ഒരു സംശയവും വേണ്ടെന്നു പറഞ്ഞ സുധ ലൂണ, അതെങ്ങനെയാണ് നല്ല ടെക്‌നിക്കൽ ബ്രില്യൻസ് ഉള്ള ചിത്രമാണെന്ന് പറയുകയെന്നും ചോദിച്ചു. ഗായകൻ കബീർ ഇബ്രാഹിം അവതരിപ്പിച്ച ഗസൽ സന്ധ്യയോടു കൂടിയായിരുന്നു പരിപാടിക്ക് തിരശീല വീണത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ