'ആര്‍ആര്‍ആര്‍' അല്ല; ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ഗുജറാത്തി ചിത്രം

By Web TeamFirst Published Sep 20, 2022, 6:56 PM IST
Highlights

പാന്‍ നളിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം

95-ാമത് അക്കാദമി അവാര്‍ഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രം ഛെല്ലോ ഷോ ആണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വരുന്ന ഓസ്കര്‍ പുരസ്കാരങ്ങളിലെ മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചിത്രം മത്സരിക്കുക.  കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. എസ് എസ് രാജമൌലിയുടെ ആര്‍ആര്‍ആര്‍, വിവേക് അഗ്നിഹോത്രിയുടെ ദ് കശ്മീര്‍ ഫയല്‍സ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രിയാവാനുള്ള സാധ്യതകളെക്കുറിച്ച് സിനിമാപ്രേമികള്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. വെറൈറ്റി ഉള്‍പ്പെടെയുള്ള വിദേശ മാധ്യമങ്ങളുടെ ഓസ്കര്‍ പ്രെഡിക്ഷന്‍ ലിസ്റ്റിലും ആര്‍ആര്‍ആര്‍ ഇടംപിടിച്ചിരുന്നു.

പാന്‍ നളിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ഛെല്ലോ ഷോ. അവസാന സിനിമാ പ്രദര്‍ശനം എന്നാണ് ഈ പേരിന്‍റെ അര്‍ഥം. സംവിധായകന്‍റെ ആത്മകഥാംശമുള്ള ചിത്രം സമയ് എന്ന ഒന്‍പത് വയസുകാരന്‍ ആണ്‍കുട്ടിയുടെ സിനിമയുമായുള്ള ബന്ധത്തെക്കുറിച്ചാണ്. ഭവിന്‍ രബാരിയാണ് സമയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഭവേഷ് ശ്രീമലി, റിച്ച മീണ, ദീപന്‍ റാവല്‍, പരേഷ് മെഹ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2021 ലെ ട്രിബേക്ക ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം സ്പെയിനിലെ വല്ലഡോലിഡ് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ സ്പൈക്ക് പുരസ്കാരം നേടിയിരുന്നു.

ALSO READ : മറാഠിയിലേക്ക് നിമിഷ സജയന്‍; 'ഹവാഹവായി' ട്രെയ്‍ലര്‍

OMG! What a night this going to be! Gratitude to Film Federation of India and thank you FFI jury members. Thank you for believing in Chhello Show. Now I can breathe again and believe in cinema that entertains, inspires and enlightens!

— Nalin Pan (@PanNalin)

സ്വപ്നില്‍ എസ് സോണാവാനെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ശ്രേയസ് ബെല്‍തംഗ്‍ഡി, പവന്‍ ഭട്ട് എന്നിവരാണ്. ഛെല്ലോ ഷോ എല്‍എല്‍പി, മണ്‍സൂണ്‍ ഫിലിംസ്, ജുഗാഡ് മോഷന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ പാന്‍ നളിന്‍, ധീര്‍ മോമയ, മാര്‍ക് ദുവാലെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വിനോദ്‍രാജ് പി എസ് സംവിധാനം ചെയ്‍ത തമിഴ് ചിത്രം കൂഴങ്കല്‍ ആയിരുന്നു ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ ഓസ്കര്‍ ഔദ്യോഗിക എന്‍ട്രി.

tags
click me!