Guru Somasundaram : 'മിന്നല്‍ മുരളി 2'ല്‍ 'ഷിബു' ഉണ്ടാവുമോ? ഗുരു സോമസുന്ദരത്തിന്‍റെ മറുപടി

By Web TeamFirst Published Dec 29, 2021, 10:56 AM IST
Highlights

സീക്വലിനുള്ള സാധ്യതയെക്കുറിച്ച് നിര്‍മ്മാതാവും സംവിധായകനും നേരത്തേ പറഞ്ഞിരുന്നു

നായകനോളമോ അതിനേക്കാളോ കൈയടി കിട്ടിയ കഥാപാത്രമാണ് മിന്നല്‍ മുരളിയിലെ പ്രതിനായകനായ 'ഷിബു'. തമിഴ് താരം ഗുരു സോമസുന്ദരമാണ് (Guru Somasundaram) ഈ കഥാപാത്രത്തെ ഗംഭീരമാക്കിയത്. നെറ്റ്ഫ്ലിക്സിന്‍റെ (Netflix) ഡയറക്റ്റ് റിലീസ് ആയെത്തിയ ചിത്രം തരംഗം തീര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലുള്ള പ്രധാന ചോദ്യം ചിത്രത്തിന് ഒരു രണ്ടാംഭാഗം (Minnal Murali 2) ഉണ്ടാവുമോ എന്നതാണ്. രണ്ടാം ഭാഗം ഉണ്ടാവുമെന്ന് നിര്‍മ്മാതാവും ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ബേസില്‍ ജോസഫും (Basil Joseph) പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തില്‍ തന്‍റെ കഥാപാത്രമായ ഷിബുവിന് അവസരം ഉണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഗുരു സോമസുന്ദരം. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഗുരുവിന്‍റെ പ്രതികരണം.

"എല്ലാവരെയുംപോലെ ഞാനും പ്രതീക്ഷിക്കുന്നു, മിന്നല്‍ മുരളിക്ക് ഒരു രണ്ടാംഭാഗം ഉണ്ടാവുമെന്ന്. പക്ഷേ അത് സംഭവിക്കുമോ എന്ന് എനിക്കറിയില്ല. രണ്ടാംഭാഗം ഉണ്ടായാല്‍ ഞാന്‍ എന്ത് ചെയ്യും, എന്‍റെ കഥാപാത്രത്തിന്‍റെ റോള്‍ എന്തായിരിക്കും എന്നൊക്കെ ആലോചിക്കാറുണ്ട്. അത് സംബന്ധിച്ച് കുറേ ആഗ്രഹങ്ങളുണ്ട്. പക്ഷേ അതെല്ലാം തീരുമാനിക്കേണ്ടത് ബേസില്‍ ജോസഫ് ആണ്. അതിനാല്‍ ഈ ചോദ്യം ദയവായി ബേസിലിനോട് ചോദിക്കൂ", ഗുരു സോമസുന്ദരം പറയുന്നു. ചിത്രത്തിന്റെ സീക്വല്‍ 3ഡിയില്‍ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. "പ്രേക്ഷകര്‍ ഞങ്ങള്‍ക്ക് നല്‍കിയ സ്വീകരണം ഫ്രാഞ്ചൈസിയെ അടുത്ത തലത്തില്‍ എത്തിക്കാനുള്ള ലൈസന്‍സ് ആണ്. വലിയ കാര്യങ്ങളാണ് മനസ്സിലുള്ളത്. മിക്കവാറും അടുത്ത മാസം പ്രഖ്യാപനം ഉണ്ടാവും", ദ് ഫെഡറലിന് നല്‍കിയ അഭിമുഖത്തില്‍ സോഫിയ പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാം ഭാഗം വരാനുള്ള സാധ്യതകളുണ്ടെന്നും എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാവുന്ന രീതിയില്‍ ആയിട്ടില്ലെന്നുമാണ് ബേസില്‍ ജോസഫ് ഐഇ മലയാളത്തോട് പറഞ്ഞത്.

അതേസമയം താന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന് ഈ തരത്തിലുള്ള ഒരു സ്വീകരണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഗുരു സോമസുന്ദരം പറഞ്ഞു- "അഭിനയിച്ച സമയത്ത് ബേസില്‍ ജോസഫ് അടക്കമുള്ളവര്‍ പറഞ്ഞിരുന്നു, എല്ലാവര്‍ക്കും ഇഷ്‍ടമാവുമെന്ന്. കേരളത്തിലുള്ള എല്ലാവരും നിങ്ങളെ ഇഷ്‍ടപ്പെടാന്‍ പോവുകയാണെന്ന്. പക്ഷേ ഇത്രയും ഞാന്‍ പ്രതീക്ഷിച്ചില്ല. ഒരുപാട് സന്തോഷമുണ്ട്", ഗുരു പറയുന്നു. തിരക്കഥയിലുള്ളതും ഷൂട്ടിംഗ് സമയത്ത് ഇംപ്രൊവൈസ് ചെയ്‍തുമാണ് ഷിബുവിന്‍റെ ബോഡി ലാംഗ്വേഡ് ഉള്‍പ്പെടെ രൂപപ്പെടുത്തിയെടുത്തതെന്നും അദ്ദേഹം പറയുന്നു. "ഒരു സാധാരണ വില്ലന്‍ അല്ല, വൈകാരികമായ പശ്ചാത്തലമുണ്ടെന്ന് ബേസില്‍ നേരത്തേ പറഞ്ഞിരുന്നു. അതിനകം റെക്കോര്‍ഡ് ചെയ്‍ത പശ്ചാത്തല സംഗീതം ഉള്‍പ്പെടെ കേള്‍പ്പിച്ചുകൊണ്ടാണ് ബേസില്‍ ആദ്യമേ ചിത്രത്തിന്‍റെ കഥ തന്നോട് പറഞ്ഞത്. ഈ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കും എന്ന് പേടിയുണ്ടായിരുന്നു. ഉത്തരവാദിത്തത്തിന്‍റേതായ ഒരു പേടിയായിരുന്നു അത്. പിന്നീടാണ് മലയാളം പഠിക്കാന്‍ ആരംഭിച്ചത്. ടൊവീനോയ്ക്കും എനിക്കുമിടയില്‍ നല്ലൊരു കെമിസ്ട്രി ഉണ്ടായി. ചിത്രീകരണം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പേ ഞാന്‍ അവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. ടൊവീനോയോട് കൂടുതല്‍ അടുക്കാനായത് ഈ സമയത്താണ്. മിന്നല്‍ മുരളി ഒരു ടീം വര്‍ക്ക് ആണ്", ഗുരു പറയുന്നു.

ചിത്രീകരണത്തിനിടെ ശാരീരികമായും വൈകാരികമായും നേരിട്ട പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു- "ക്ലൈമാക്സില്‍ എന്‍റെ ഫേസ് മേക്കപ്പ് മൂന്ന് മണിക്കൂര്‍ ആയിരുന്നു. വൈകിട്ട് 5 മണി മുതല്‍ 8 മണി വരെ മേക്കപ്പ്. പിന്നെ എട്ട് മണിക്ക് തുടങ്ങി പിറ്റേന്ന് രാവിലെ 5 മണി വരെ ആയിരിക്കും ഷൂട്ടിംഗ്. 20-30 ദിവസം തുടര്‍ച്ചയായി 12 മണിക്കൂര്‍ ജോലി ഉണ്ടായിരുന്നു. പിന്നെ ഫൈറ്റ് സീക്വന്‍സ്, ഇടി മാത്രം 40-45 ദിവസം ഉണ്ടായിരുന്നു. ശാരീരികമായ വെല്ലുവിളി ഇതൊക്കെയായിരുന്നു. വൈകാരികരംഗങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളിയെക്കുറിച്ച് പറഞ്ഞാല്‍ സിനിമയില്‍ ഉഷ വന്നതിനു ശേഷം, കുറുക്കന്‍മൂല മുഴുവന്‍ ഷിബുവിന് എതിരായതിനു ശേഷം സീനുകളില്‍ എന്താണ് റിയാക്ഷന്‍ കൊടുക്കേണ്ടതെന്ന് സംശയം ഉണ്ടായിരുന്നു". സിനിമയില്‍ എത്തുന്നതിനു മുന്‍പ് പത്ത് വര്‍ഷം നീണ്ട നാടകപ്രവര്‍ത്തന കാലത്ത് കാഴ്ചയില്‍ വ്യത്യസ്‍തരായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തനിക്ക് ഏറെ ആവേശമുണ്ടായിരുന്നുവെന്നും ഗുരു സോമസുന്ദരം പറയുന്നു.

'ഷിബു'വിന്‍റെ പ്രണയത്തിനായുള്ള കാത്തിരിപ്പ് സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ ഒന്നാണ്. സ്വന്തം ജീവിതത്തിലെ പ്രണയങ്ങളെക്കുറിച്ച് ഗുരു ഇങ്ങനെ പറയുന്നു- "ജീവിതത്തില്‍ വണ്‍ സൈഡ് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്. പക്ഷേ അത് അവര്‍ക്ക് അറിയില്ലായിരുന്നു. ഏഴാം ക്ലാസിലാണ് ആദ്യത്തെ പ്രണയലേഖനം എഴുതിയത്. ആളെ കാത്തിരുന്ന് വന്നപ്പോള്‍ പേടിയായി, ഓടി". മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ആണ് ഗുരു അഭിനയിക്കുന്ന അടുത്ത മലയാളചിത്രം. 'ചട്ടമ്പി' എന്ന മറ്റൊരു ചിത്രവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മിന്നല്‍ മുരളി നല്‍കിയ കയ്യടികളില്‍ നിന്നും മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും മറ്റു ഭാഷകളില്‍ നിന്നും ശ്രദ്ധേയ അവസരങ്ങള്‍ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഈ നടന്‍.

click me!