'മിന്നല്‍ മുരളി'യിലെ വില്ലന് ഇനി ആക്ഷന്‍ പറയുക മോഹന്‍ലാല്‍; ഗുരു സോമസുന്ദരം 'ബറോസി'ല്‍

By Web TeamFirst Published Dec 26, 2021, 11:08 AM IST
Highlights

മിന്നല്‍ മുരളിയിലെ പ്രതിനായക കഥാപാത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്

'മിന്നല്‍ മുരളി'യില്‍ (Minnal Murali) ടൊവീനോ (Tovino Thomas) അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തോളമോ അതിനേക്കാളോ കൈയടി ലഭിച്ചത് ഗുരു സോമസുന്ദരം (Guru Somasundaram) അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിനാണ്. ത്യാഗരാജന്‍ കുമാരരാജയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'ആരണ്യകാണ്ഡ'ത്തിലൂടെ നടനായി അരങ്ങേറിയ ഗുരു സോമസുന്ദരത്തിന്‍റെ ആദ്യ മലയാള ചിത്രം 2013ല്‍ പുറത്തെത്തിയ ആന്തോളജി ചിത്രമായ '5 സുന്ദരികള്‍' ആയിരുന്നു. പിന്നീട് ആസിഫ് അലിക്കൊപ്പം 'കോഹിനൂരി'ലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നാല്‍ മലയാളത്തിലെ ബ്രേക്ക് മിന്നല്‍ മുരളിയിലെ പ്രതിനായക കഥാപാത്രമാണ്. മലയാളി സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗം ഇപ്പോഴാണ് ഈ നടനെ അറിയുന്നത്. മിന്നല്‍ മുരളി ശ്രദ്ധ നേടുമ്പോള്‍ മലയാളത്തില്‍ നിന്നുള്ള മറ്റൊരു വന്‍ പ്രോജക്റ്റിലും ഭാഗമാവാന്‍ ഒരുങ്ങുകയാണ് ഗുരു സോമസുന്ദരം. മോഹന്‍ലാലിന്‍റെ (Mohanlal) സംവിധാന അരങ്ങേറ്റമായ 'ബറോസ്' (Barroz) ആണ് ആ ചിത്രം.

ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഗുരു ഇക്കാര്യം സ്ഥിരീകരിച്ചത്. മിന്നല്‍ മുരളി ഇറങ്ങുന്നതിനു മുന്‍പ് മോഹന്‍ലാലുമായി ഫോണില്‍ സംസാരിച്ചെന്നും ബറോസില്‍ അഭിനയിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു- "ലാലേട്ടന്‍റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കാന്‍ പോകുന്നുണ്ട്, ബറോസില്‍. മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്‍പ് ലാലേട്ടനോട് ഫോണില്‍ സംസാരിച്ചു. നിങ്ങള്‍ വരൂ, നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം എന്ന് പറഞ്ഞു", ഗുരു സോമസുന്ദരം പറയുന്നു.

അതേസമയം ഡയറക്റ്റ് ഒടിടി റിലീസുകളില്‍ പ്രേക്ഷകര്‍ക്കിടയില്‍ സമീപകാലത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം തിയറ്ററുകള്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ട സിനിമയായിരുന്നെങ്കിലും കൊവിഡ് സൃഷ്‍ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ ഒടിടി റിലീസിലേക്ക് മാറുകയായിരുന്നു. ലോകമെങ്ങും ആരാധകരുള്ള സൂപ്പര്‍ഹീറോ വിഭാഗത്തിലെ സിനിമയായതിനാല്‍ നെറ്റ്ഫ്ലിക്സ് വലിയ പ്രീ-റിലീസ് പബ്ലിസിറ്റിയാണ് മിന്നല്‍ മുരളിക്ക് നല്‍കിയത്. സൃഷ്ടിക്കപ്പെട്ട വലിയ ഹൈപ്പിനോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞ ചിത്രം എന്നാണ് സിനിമയെക്കുറിച്ചുള്ള പൊതു അഭിപ്രായം.

click me!