
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം മിറാഷ് നാളെ തിയേറ്ററുകളിലെത്തുകയാണ്. ആസിഫ് അലിയ്ക്ക് പുറമെ അപർണ ബാലമുരളി,ഹക്കീം, ഹന്നറെജി കോശി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജിത്തു ജോസഫ് എന്ന സംവിധായകനൊപ്പം വർക്ക് ചെയ്യുക എന്നത് സ്വപ്നമായിരുന്നെന്ന് ഹക്കീം. ജീത്തു ജോസഫിനൊപ്പം വർക്ക് ചെയ്ത അനുഭവം ഹക്കീം ഷാ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.
'മുൻപൊരിക്കൽ ഒടിടി പ്ലാറ്റ് ഫോമിന് വേണ്ടി ചെയ്ത വർക്ക് സംവിധാനം ചെയ്തിരുന്നത് ജീത്തു സാറിന്റെ അസോസിയേറ്റായിരുന്നു. അന്ന് ജീത്തു സാർ രണ്ടു ദിവസം ഞങ്ങളെ സംവിധാനം ചെയ്തിരുന്നു. അന്ന് ഞാൻ ചിന്തിച്ചിരുന്നു ഇനി എന്നാണ് ഇതുപോലെ ജീത്തു സാറിനൊപ്പം വർക്ക് ചെയ്യാൻ കഴിയുകയെന്ന്. ഇപ്പോൾ മിറാഷിന് വേണ്ടി വിളിച്ചപ്പോൾ ഹാപ്പിയായി. അദ്ദേഹത്തിന്റെ വർക്കിങ് പ്രോസസ്സ് വ്യത്യസ്തമാണ്. സ്റ്റോറി ടെല്ലിങ്ങിൽ ഒരു രീതിയിലുള്ള ഗിമ്മിക്കുകളോ മനോഹരമായ ഷോട്ടുകളോ ഒന്നും ഉൾപ്പെടുത്തുന്നത് കണ്ടിട്ടില്ല. അത്തരത്തിൽ സ്റ്റോറി ഡിമാൻഡ് ചെയ്യുന്ന സീനുകളിൽ മാത്രമേ നമുക്ക് അങ്ങനെ കാണാൻ കഴിയുകയുള്ളൂ. അതുപോലെ അദ്ദേഹം ആർട്ടിസ്റ്റിനെ ഡീൽ ചെയ്യുന്ന രീതിയും നല്ലതാണ്. അത്രയധികം കംഫോർട്ടാവുമ്പോൾ ആർട്ടിസ്റ്റിനും നല്ല രീതിയിലുള്ള ഔട്ട്പുട്ട് കൊടുക്കാൻ സാധിക്കും.'- ഹക്കീം ഷായുടെ വാക്കുകൾ.
ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റിലായ അശ്വിൻ എന്ന കഥാപാത്രമായാണ് മിറാഷിൽ ആസിഫ് അലി എത്തുന്നത്. അപർണ ബാലമുരളി, ഹന്ന റെജി കോശി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. വലതു വശത്തെ കള്ളൻ, റാം, ദൃശ്യം 3 എന്നിവയാണ് ഇനി ജീത്തു ജോസഫിന്റെ സംവിധാനത്തിൽ എത്താനുള്ള സിനിമകൾ. മിറാഷിന്റെ കാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പ്, വി എസ് വിനായകാണ് എഡിറ്റിംഗ്. സംഗീതം വിഷ്ണു ശ്യാം.ഇഫോർ എക്സ്പിരിമെന്റസ് , നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കിഷ്കിന്ധാകാണ്ഡം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ആസിഫ് അലി- അപർണ ബാലമുരളി കോംബോ വീണ്ടും ഒന്നിക്കുന്നുവെന്ന് പ്രത്യേകത കൂടിയുണ്ട് മിറാഷിന്.