
മലയാള സിനിമയുടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ട് എടുത്താല്‍ ഏറ്റവുമധികം വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലയാളത്തിന്‍റെ ബിഗ് സ്ക്രീന്‍ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത മട്ടിലുള്ള ഒരു ദൃശ്യ ഭാഷയാണ് ലിജോ ആവിഷ്കരിച്ചത്. സംഗീതം ഉള്‍പ്പെടെ ഓരോ ഘടകവും ആ ഭാഷയെ ഷാര്‍പ്പ് ആക്കാന്‍ തന്‍റേതായ യുണീക് രീതിയില്‍ അദ്ദേഹം ഉപയോഗിച്ചു. 2010 ല്‍ പുറത്തിറങ്ങിയ നായകന്‍ മുതല്‍ 2024 ല്‍ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബന്‍ വരെ 10 സിനിമകളാണ് അദ്ദേഹം ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളത്. ഇപ്പോള്‍ പതിനൊന്നാമത്തെ ചിത്രത്തിന്‍റെ ജോലികളിലാണ് അദ്ദേഹം. വരാനിരിക്കുന്ന ഈ ചിത്രം പല തരത്തിലും അദ്ദേഹത്തിന്‍റെ കരിയറില്‍ വേറിട്ട് നില്‍ക്കുന്ന ഒന്നാണ്.
ഇതുവരെ മലയാളത്തില്‍ മാത്രമാണ് അദ്ദേഹം സിനിമകള്‍ ഒരുക്കിയതെങ്കില്‍ അടുത്ത ചിത്രം മറുഭാഷയിലാണ്. ഹിന്ദിയിലാണ് ആ ചിത്രം. അതും അവിടുത്തെ മുന്‍നിരക്കാന്‍ അണിയറയില്‍ വരുന്ന ഒരു ചിത്രത്തിലൂടെയാണ് പെല്ലിശ്ശേരിയുടെ ബോളിവുഡ് അരങ്ങേറ്റം നടക്കാനിരിക്കുന്നത്. സംവിധായകന്‍ ഹന്‍സല്‍ മെഹ്ത ആരംഭിച്ച നിര്‍മ്മാണ കമ്പനിയായ ട്രൂ സ്റ്റോറി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം റൊമാന്‍റിക് മ്യൂസിക്കല്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. 13 വര്‍ഷത്തിന് ശേഷമാണ് ഈ ജോണറില്‍ ലിജോ ഒരു ചിത്രം ചെയ്യുന്നത്. കരിയറില്‍ ആകെ ഒരു ചിത്രം മാത്രമേ ഇതുവരെ അദ്ദേഹം ഈ ജോണറില്‍ ചെയ്തിട്ടുമുള്ളൂ. 2013 ല്‍ പുറത്തെത്തിയ ആമേന്‍ ആയിരുന്നു അത്. ലിജോയുടെ സംവിധാനത്തില്‍ ബോക്സ് ഓഫീസ് വിജയം നേടിയ ആദ്യ ചിത്രവുമായിരുന്നു ആമേന്‍.
ആമസോണ്‍ എംജിഎം സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ഹന്‍സല്‍ മെഹ്തയുടെ ട്രൂ സ്റ്റോറി ഫിലിംസ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം എന്നതാണ് മറ്റൊരു പ്രത്യേകത. എ ആര്‍ റഹ്‍മാന്‍- ലിജോ കൂട്ടുകെട്ട് മലയാളി സിനിമാപ്രേമികള്‍ക്കും വലിയ കൗതുകമുണ്ടാക്കുന്ന ഒന്നാണ്. പുതുമുഖ നായികയാവും ചിത്രത്തില്‍. ലിജോയുടെ സ്റ്റൈലിലുള്ള പ്രണയകഥ എന്നാണ് വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹന്‍സല്‍ മെഹ്ത ചിത്രത്തെക്കുറിച്ച് പറയുന്നത്. അതേസമയം തിരക്കഥാ രൂപീകരണം പൂര്‍ത്തിയായതിന് ശേഷം നിര്‍മ്മാണ കമ്പനി സംവിധായകനെ തീരുമാനിക്കുകയായിരുന്നെന്ന് ഹന്‍സല്‍ മെഹ്ത ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. ലിജോ എത്തിയതിന് ശേഷം അദ്ദേഹത്തിന്‍റേതായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും. കഥയുടെയും തിരക്കഥയുടെയും ഡെവലപ്മെന്‍റിലാണ് ട്രൂ സ്റ്റോറി ഫിലിംസ് പ്രധാനമായും മുതല്‍മുടക്കുന്നത്. നിര്‍മ്മാണ കമ്പനിക്ക് മുന്നിലേക്ക് പൂര്‍ത്തിയായ തിരക്കഥ അവതരിപ്പിക്കുന്നതും കമ്പനി തന്നെ. പിന്നീടാണ് സംവിധായകന്‍ വരുന്നത്, വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹന്‍സല്‍ മെഹ്ത പറയുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്‍റെ പേരും ഹന്‍സല്‍ മെഹ്ത ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. ദില്‍കഷി എന്നാണ് ചിത്രത്തിന്‍റെ പേര്. നിരവധി പ്രോജക്റ്റുകള്‍ ഹന്‍സല്‍ മെഹ്തയുടെ സഹകരണത്തോടെ ബോളിവുഡില്‍ ഒരുങ്ങുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ