
പ്രഖ്യാപനംതൊട്ടേ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മലൈക്കോട്ടൈ വാലിബന്റെ' ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ മോഹൻലാല്‍ ചിത്രത്തിലെ തന്റെ ഡബ്ബിംഗ് പൂര്‍ത്തിയായതിന്റെ സന്തോഷം നടൻ ഹരീഷ് പേരടി പങ്കുവെച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തിന്റെ തണുപ്പുള്ള അവസാനങ്ങളിലായിരുന്നു ആ പ്രതിഭയുടെ വിളി വന്നത്. പിന്നെ ഏതോ കാലത്തിലെ ഒരു മനുഷ്യ മനസ്സിലൂടെയുള്ള യാത്രയായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേള കഴിഞ്ഞ് വീണ്ടും കുറച്ച് ദിവസങ്ങളായി ശബ്‍ദാഭിനയത്തിലൂടെ. ഊരിവെച്ച ആ വേഷത്തിന്റെ, അയാളുടെ മനസ്സിലൂടെ യാത്ര ചെയ്‍തു. ഇന്ന് അത് പൂർത്തിയായി. 'വാലിബൻ'. 'മലൈക്കോട്ടൈ വാലിബൻ', അനുഗ്രഹിക്കുക എന്നുമാണ് ഫോട്ടോ പങ്കുവെച്ച് ഹരീഷ് പേരടി എഴുതിയിരിക്കുന്നത്.
മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യാണ് ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷനും ഇമോഷണും ചേര്‍ന്ന ബഹുഭാഷ ചിത്രമായിരിക്കും ഇത് എന്ന് മോഹൻലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ബോളിവുഡ് നടൻ സഞ്‍ജയ് കപൂറിന്റെ മകള്‍ ഷനയ കപൂര്‍ 'വൃഷഭ'യില്‍ ഒരു പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്.
മകനും അച്ഛനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തില്‍ പ്രമേയമാകുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്. റോഷൻ മേക്കയാകും മോഹൻലാലിന്റെ മകൻ കഥാപാത്രമായി എത്തുക. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. 'സ്‍ഫടിക'മാണ് മോഹൻലാലിന്റേതായി ഒടുവില്‍ റിലീസായത്. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'സ്‍ഫടികം' റീ മാസ്റ്റര്‍ ചെയ്‍ത് വീണ്ടും റിലീസ് ചെയ്യുകയായിരുന്നു. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മിച്ചായിരുന്നു റീ റിലീസ് ചെയ്‍തത്. ഭദ്രൻ ആണ് ചിത്രത്തിന്റെ സംവിധാനം. 'ആടു തോമ' എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിച്ചു. തിലകനും കെപിഎസി ലളിതയുമായിരുന്നു ചിത്രത്തില്‍ മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്.
Read More: നടി കങ്കണയുമായുള്ള വിവാദബന്ധം തുറന്നു പറഞ്ഞതില്‍ ഖേദമില്ലെന്ന് നടൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക