സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കില്ല, വാദങ്ങള്‍ നിരത്തി ഹരീഷ് പേരടി

By Web TeamFirst Published Feb 15, 2020, 8:55 PM IST
Highlights

സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിച്ചെന്ന വാദത്തോട് പ്രതികരിച്ച് ഹരീഷ് പേരടി.

സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിച്ചുവെന്ന വാദത്തിന് മറുപടിയുമായി ഹരീഷ് പേരടി.  നല്ല നടന്‍മാരെ തിരഞ്ഞെടുക്കാനുള്ള പഴയ സംവിധായകരുടെ കഴിവ് പുതിയ മലയാള സിനിമയിലെ സംവിധായകര്‍ക്കുണ്ടെങ്കില്‍ ഇനിയും ഒരുപാട് നല്ല നടന്‍മാര്‍ ഇവിടെ സൂപ്പര്‍താരങ്ങളാവുമെന്ന് ഹരീഷ് പേരടി പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പുതിയ റിയലിസം മലയാള സിനിമകളില്‍ അഭിനയിക്കാന്‍ വെറും പെരുമാറല്‍ മാത്രം മതിയെന്നാണ് പുതിയ കണ്ടുപിടുത്തം. അതായത് നിങ്ങള്‍ നിങ്ങളുടെ സെൽഫിനെ ആവിഷ്‌കരിക്കുക അതിന് പ്രത്യേകിച്ച് പഠനമൊന്നും വേണ്ട. സാധാരണ ജീവിതത്തിലെ നിങ്ങളുടെ അംഗ ചലനങ്ങളും വര്‍ത്തമാന രീതികളും ഏല്ലാ കഥാപാത്രങ്ങളിലേക്കും അടിച്ചേല്‍പ്പിക്കുക.

പക്ഷേ അഭിനയം എന്ന് പറയുന്നത് സ്വന്തം വ്യക്തിത്വത്തെ ഇല്ലാതാക്കി മറ്റൊരാള്‍ ആവുന്നതാണ്. അതുകൊണ്ടാണ് മമ്മൂക്കയും ലാലേട്ടനും സൂപ്പര്‍ നടന്‍മാരായി നിലനില്‍ക്കുന്നത്.

നല്ല നടന്‍മാരെ തിരഞ്ഞെടുക്കാനുള്ള പഴയ സംവിധായകരുടെ കഴിവ് പുതിയ മലയാള സിനിമയിലെ സംവിധായകര്‍ക്കുണ്ടെങ്കില്‍ ഇനിയും ഒരുപാട് നല്ല നടന്‍മാര്‍ ഇവിടെ സൂപ്പര്‍താരങ്ങളാവും..അല്ലാതെ എല്ലാത്തിലും ഒരു പോലെ പെരുമാറുന്ന നായകന്‍മാരെ വച്ച് നിങ്ങള്‍ എത്ര മാസ് ഉണ്ടാക്കാന്‍ ശ്രമിച്ചാലും അത് കുറച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും അവര്‍ സൂപ്പറാണെന്ന് പറയുന്ന കുറച്ച് സംവിധായകരെയും സൃഷ്‍ടിച്ചേക്കാം.

ഒരു സിനിമയ്ക്കുവേണ്ട ഒരു കഥാപാത്രത്തെ കണ്ടെത്തുന്നതിനേക്കാള്‍ എത്രയോ ബുദ്ധിമുട്ടാണ് തങ്ങളുടെ കഥാപാത്രത്തെ ഒരു നല്ല നടനിലൂടെ ഒരു നല്ല നടിയിലൂടെ ആവിഷ്‌കരിക്കുക എന്നുള്ളത്.

അതിനാല്‍ നല്ല നടീ നടന്‍മാരുടെ യുഗം അവസാനിക്കാത്ത കാലത്തോളം സൂപ്പര്‍താരങ്ങളുടെ യുഗവും മലയാള സിനിമയില്‍ എന്നല്ല ലോക സിനിമയില്‍ തന്നെ അവസാനിക്കില്ല.

click me!