ടിക് ടോക്ക് താരമായ ഫുക്രു 'ആട് 3' സിനിമയിൽ അഭിനയിക്കുന്നതിൻ്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ടതായി വെളിപ്പെടുത്തി. താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോൾ ഉയർന്നുവന്ന വിമർശനങ്ങൾ തന്നെ മാനസികമായി തളർത്തിയെന്നും ഫുക്രു.

ടിക് ടോക്ക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ശ്രദ്ധേയനായ ആളാണ് ഫുക്രു എന്ന കൃഷ്ണ ജീവ്. അന്നത്തെ വൈറൽ താരങ്ങളിൽ ഒരാളായി മാറിയ ഫുക്രു പിന്നീട് ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബി​ഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തി. ഇതോടെ മലയാളികൾക്കിടയിലും ഫുക്രു ശ്രദ്ധേയനാകുകയായിരുന്നു. തല്ലുംമ്പിടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഫുക്രുവിന്റേതായി വരാനിരിക്കുന്നത് ആട് 3 ആണ്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഈ ജയസൂര്യ ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് ഫുക്രു എത്തുന്നത്.

ആട് 3യുടെ പോസ്റ്റ് പ്രൊഡക്ഷനുകൾ നടക്കവെ ഫുക്രു ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ആടിലെ താരങ്ങൾക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ഇത്. ഇതിന് പിന്നാലെ വലിയ വിമർശനങ്ങൾ ഫുക്രുവിന് നേരിടേണ്ടി വന്നു. ഇവനെ എന്തിനാണ് സിനിമയിലെടുത്തതെന്നും പടത്തിന്റെ കാര്യത്തിന് തീരുമാനമായി എന്ന തരത്തിലുമായിരുന്നു വിമർശനങ്ങൾ. ഇത് തന്നെ വല്ലാതെ ബാധിച്ചുവെന്ന് പറയുകയാണ് ഫുക്രു ഇപ്പോൾ.

"ഞാന്‍ കാരണം ഇവര്‍ക്ക് കുറച്ച് ബുദ്ധിമുട്ടൊക്കെ ഉണ്ടായി. സൈബര്‍ ബുള്ളിയിങ്ങും ഉണ്ടായിരുന്നു. അവര്‍ക്കല്ല എനിക്കായിരുന്നു ബുദ്ധിമുട്ട്. ഞാനൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു. അതുവരെ ഞാന്‍ രഹസ്യമായി കൊണ്ടു നടക്കുകയായിരുന്നു. ഫോട്ടോ ഇട്ടപ്പോഴേ ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഭയങ്കര സൈബര്‍ ബുള്ളിയിംഗ് ആണ് വന്നത്. ഇവനെ എന്തിന് എടുത്തുവെന്നാണ് എല്ലാവരും ചോദിച്ചത്. മറ്റൊരു ക്യാരക്ടറിനെ റീപ്ലെയ്സ് ചെയ്തു എന്നാണ് എല്ലാവരും കരുതിയത്. അവര്‍ക്കത് അംഗീകരിക്കാനാവില്ല. അവരുടെ ഒക്കെ മനസില്‍ പതിഞ്ഞ കഥാപാത്രങ്ങളല്ലേ ഇതെല്ലാം. നമ്മള് മാത്രമാണ് ഒരു അധിക പറ്റതില്‍. അതില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ കുറേ ദിവസമൊടുത്തു. ഞാന്‍ 100 വാള്‍ട്ടിന്‍റെ ബള്‍ബ് കത്തിക്കിടന്ന ആളാണ്. പെട്ടെന്ന് സീറോ വാള്‍ട്ടായി പോയി. സിനിമയെ ബാധിക്കുമോന്നതായിരുന്നു എന്‍റെ പ്രശ്നം. ഞാന്‍ കാരണം അവര്‍ക്കൊരു ബാഡ് ഉണ്ടാവരുത്. അത്രയേ ഉള്ളൂ. എന്നെ എന്ത് പറഞ്ഞാലും കുഴപ്പമില്ല. കല്ലിവല്ലി. ആ സ്പിരിറ്റിലങ്ങെടുക്കും", എന്നാണ് ഫുക്രു പറഞ്ഞത്. ആട് 3 പ്രൊമോഷൻ ഇന്റർവ്യൂവിന് ഇടയിലായിരുന്നു ഫുക്രുവിന്റെ തുറന്നു പറച്ചിൽ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming