
ഗായകൻ സന്നിദാനന്ദനെ പരിഹസിച്ചതിന് എതിരെ ചലച്ചിത്ര ഗാനരചയിതാവ് ബി കെ ഹരിനാരായണൻ. ഗായകൻ സന്നിദാനന്ദന്റെ രൂപത്തെയും മുടിയെയും കുറിച്ചായിരുന്നു വിമര്‍ശനം. മുടിയഴിച്ചിട്ട് അവൻ ഇനിയും പാടിക്കൊണ്ടേയേരിക്കുമെന്നാണ് ചലച്ചിത്ര ഗാനരചയിതാവ് ഹരിനാരായണൻ മറുപടിയായി എഴുതിയത്. ഉഷ കുമാരി എന്ന ആളായിരുന്നു സിനിമാ ഗായകനുമായ സന്നിദാനന്ദനെ പരിഹസിച്ച് കുറിപ്പെഴുതിയത്.
ഹരിനാരായണന്റെ കുറിപ്പ്
1994 ആണ് കാലം.
പൂരപ്പറമ്പിൽ,ജനറേറ്ററിൽ ,ഡീസലു തീർന്നാൽ ,വെള്ളം തീർന്നാൽ ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥൻ കാവല്‍ നിർത്തിയിരിക്കുന്ന പയ്യൻ, ടൂബ് ലൈറ്റുകൾ കെട്ടാൻ സഹായിച്ച് ,രാത്രി മുഴുവൻ കാവൽ നിന്നാൽ അവന് 25 ഏറിയാൽ 50 രൂപ കിട്ടും , വേണമെങ്കിൽ ഭീകര ശബ്ദമുള്ള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച് കിടക്കാം. പക്ഷെ ജനറേറ്ററിലേക്ക് ഒരു കണ്ണ് വേണം. ഈ ഭീകര ശബ്‍ദത്തിന്റെ അടുത്ത് എങ്ങനെ ഉറങ്ങാനാണ്? അപ്പുറത്തെ സ്‌റ്റേജിൽ ഗാനമേളയാണ് നടക്കുന്നതെങ്കിൽ പിന്നെ പറയുകയേ വേണ്ട അവൻ കണ്ണ് മിഴിച്ച് കാതും കൂർപ്പിച്ച് തന്നെ ഇരിക്കും. പിന്നെ സ്റ്റേജിൻ്റെ പിന്നിൽ ചെന്ന് ഗാനമേളക്കാരോട് ചോദിക്കും
ചേട്ടാ ഞാനൊര് പാട്ട് പാടട്ടെ?
ചെലോര് കളിയാക്കും ,ചിരിക്കും ചെലോര്
" പോയേരാ അവിടന്ന് " എന്ന് ആട്ടിപ്പായിക്കും .അതവന് ശീലാമാണ്. എന്നാലും അടുത്ത പൂരപ്പറമ്പിലും ,ഗാനമേള കണ്ടാൽ അവരുടെ അടുത്ത് ചെന്ന് അവൻ അവസരം ചോദിച്ചിരിക്കും.
നാവില്ലാത്ത ,ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള ഈ കമ്പം. അന്ന് തന്നെ കേൾക്കാൻ തുടങ്ങിയതാണ് നിറത്തിന്റെ, രൂപത്തിന്റെ പേരിലുള്ള കളിയാക്കലും,
ഏതോ സ്കൂൾ ഗ്രൗണ്ടിൽ ഒരു ദിവസം വലിയൊരു ഗാനമേള നടക്കുകയാണ്. ജനറേറ്ററിനടുത്ത്. കുറച്ച് നേരം പാട്ട് കേട്ടിരുന്ന് ,അവൻ സ്റ്റേജിന് പിന്നിലേക്ക് നടന്നു. ആദ്യം കണ്ട ആളോട് ചോദിച്ചു.
" ചേട്ടാ ഇയ്ക്കൊരു പാട്ട് പാടാൻ ചാൻസ് തര്വോ ?
അയാളവന്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും ,മെലിഞ്ഞ രൂപത്തിലേക്കും, മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും നോക്കി
" വാ .. പാട് "
ആ ഉത്തരം അവൻ ഒട്ടും പ്രതീക്ഷിച്ചില്ല. അതിന്റെ ആവേശത്തിൽ, നേരെ ചെന്ന്,ജീവിതത്തിൽ ആദ്യമായി മൈക്ക് എടുത്ത്
ചെക്കനങ്ങട്ട് പൊരിച്ചു.
" ഇരുമുടി താങ്കീ... "
മൊത്തത്തിൽ താഴെ പോയിരുന്ന ഗാനമേള അങ്ങട്ട് പൊന്തി, ആൾക്കാര് കൂടി കയ്യടിയായി...
പാട്ടിന്ഫെ ആ ഇരു "മുടി " "യും കൊണ്ടാണ് അവൻ ജീവിതത്തിൽ നടക്കാൻ തുടങ്ങിയത്
കാൽച്ചുവട്ടിലെ കനലാണ്
അവന്റെ കുരല്
ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനം
അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം
മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും
സന്നിദാനന്ദനൊപ്പം
Read More: ഒന്നാമത് ദീപികയോ ആലിയ ഭട്ടോ?, താരങ്ങളുടെ പട്ടികയില്‍ സര്‍പ്രൈസോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ