
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത് വ്യക്തിയെന്ന നിലയിലാണെന്ന് ഹർജിക്കാരനായ നിർമാതാവ് സജിമോൻ പാറയിൽ. തനിക്ക് പിന്നിൽ സിനിമാമേഖലയുമായി ബന്ധപ്പെട്ട ആരുമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പേരിൽ വ്യക്തികൾ തേജോവധം ചെയ്യപ്പെടരുതെന്ന പൊതുതാൽപര്യമാണ് തനിക്കുള്ളത്. കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തികൾക്കെതിരായ ആരോപണങ്ങൾ ഉണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്നാൽ ആരോപണ വിധേയർക്ക് പറയാനുള്ളത് ഹേമ കമ്മിറ്റി കേട്ടിട്ടില്ല. ഏകപക്ഷീയമായ റിപ്പോർട്ട് പലരെയും പൊതുമധ്യത്തിൽ തേജോവധം ചെയ്യാൻ ഇടയാക്കുമെന്നും അത് തടയുകയെന്ന പൊതുതാൽപര്യമാണ് ഹർജിക്ക് പിന്നിലെന്നും സജിമോൻ പാറയിൽ വ്യക്തമാക്കി.