
കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ശ്രദ്ധേയമായി പാനൽ ചർച്ച. ഹോട്ടൽ ഹൊറൈസണിൽ നടന്ന ചർച്ചയിൽ സിനിമയിലെ സ്ത്രീപക്ഷ കാഴ്ചപ്പാടുകളെക്കുറിച്ചും സിനിമാ മേഖലയിലെ വ്യവസ്ഥാപിത തടസ്സങ്ങളെക്കുറിച്ചും പ്രമുഖ വനിതാ ചലച്ചിത്ര പ്രവർത്തകർ സംവദിച്ചു.
ഈ വർഷത്തെ 'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് ജേതാവായ കനേഡിയൻ സംവിധായിക കെല്ലി ഫൈഫ്-മാർഷൽ, 'സോങ്ങ്‌സ് ഓഫ് ഫോർഗോട്ടൻ ട്രീസ്' സംവിധായിക അനുപർണ റോയ്, 'ക്യൂർപോ സെലെസ്റ്റെ'യുടെ സംവിധായിക നായ്ര ഇലിക് ഗാർസിയ, നടിയും ഹ്യൂമാനിറ്റേറിയൻ അംബാസഡറുമായ ഷീന ചൗഹാൻ, ‘ആദ്യസ്നേഹത്തിൻ്റെ വിരുന്നു മേശ’യുടെ സംവിധായിക മിനി ഐ.ജി. എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വിവിധ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെങ്കിലും ലോകമെമ്പാടുമുള്ള വനിതാ ചലച്ചിത്ര പ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ സമാനമാണെന്ന് കെല്ലി ഫൈഫ്-മാർഷൽ പറഞ്ഞു. സിനിമകൾ പ്രേക്ഷകർക്ക് 'സുഖകരമായ' രീതിയിൽ അവതരിപ്പിക്കാനുള്ള സമ്മർദ്ദം പലപ്പോഴും സിനിമയുടെ ആധികാരികത നഷ്ടപ്പെടുത്താറുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
ലാറ്റിനമേരിക്കയിലെയും ചിലിയിലെയും സിനിമാ നിർമ്മാണ രംഗം ഇപ്പോഴും പുരുഷ കേന്ദ്രീകൃത ആഖ്യാനങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് നായ്ര ഇലിക് ഗാർസിയ പറഞ്ഞു.
വൈകാരികമായ ഇഴയടുപ്പവും യാഥാർത്ഥ്യബോധമുള്ള പോരാട്ടങ്ങൾക്കും ഊന്നൽ നൽകുന്ന സ്ത്രീപക്ഷ ലെൻസിലൂടെയുള്ള സിനിമകളെക്കുറിച്ചാണ് മിനി ഐ.ജി. സംസാരിച്ചത്. സിനിമാ മേഖലയിലെ അധികാര ഘടന മാറണമെന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. വനിതാ ചലച്ചിത്ര പ്രവർത്തകർക്കായി കേരള സർക്കാർ നൽകുന്ന ഫണ്ട് ഗുണപരമായ മാറ്റം ഉണ്ടാക്കുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
നിർമ്മാണ സഹായം ലഭിക്കുന്നതിനായി സിനിമയിൽ നഗ്നതയോ അശ്ലീലമോ ഉൾപ്പെടുത്താൻ നിർമ്മാതാക്കളിൽ നിന്ന് സമ്മർദ്ദമുണ്ടാകാറുണ്ടെന്ന് അനുപർണ റോയ് വെളിപ്പെടുത്തി. പുരുഷ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കാതെ സാഹചര്യങ്ങളെ അവയുടെ സ്വാഭാവികതയോടെ അവതരിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അവർ വ്യക്തമാക്കി.
സ്ത്രീകളുടെ സിനിമകൾക്കും ആഖ്യാനങ്ങൾക്കും പിന്തുണ നൽകേണ്ടത് ശാശ്വതമായ മാറ്റത്തിന് അനിവാര്യമാണെന്ന് ഷീന ചൗഹാൻ ചർച്ചയിൽ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ