Kurup Movie | 'കുറുപ്പ്' സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

By Nirmal SudhakaranFirst Published Nov 11, 2021, 10:43 PM IST
Highlights

ചിത്രം കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്ന ഒന്നല്ലെന്ന് ദുല്‍ഖറും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നേരത്തെ വ്യക്തമാക്കിയിരുന്നു

ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി (Sukumara Kurup) എത്തുന്ന 'കുറുപ്പ്' സിനിമയുടെ (Kurup Movie) നിര്‍മ്മാതാക്കള്‍ക്ക് ഹൈക്കോടതിയുടെ (High Court) നോട്ടീസ്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണ് നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളെക്കൂടാതെ ഇന്‍റര്‍പോളിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് ഉണ്ട്. 

സിനിമ കുറ്റവാളിയായ സുകുമാരക്കുറുപ്പിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത ലംഘിക്കുമെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. എറണാകുളം സ്വദേശിയാണ് ഹര്‍ജി നല്‍കിയത്. അതേസമയം സിനിമയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കുറുപ്പ് സിനിമയുടെ ആലോചനാഘട്ടത്തില്‍ തന്നെ ചിത്രം വിവാദമുണ്ടാക്കാനുള്ള സാധ്യതകള്‍ തങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി അണിയറക്കാര്‍ പുറത്തിറക്കിയ സ്പെഷല്‍ ടീ ഷര്‍ട്ടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രൊമോഷന്‍ രീതി ഒരു കുറ്റവാളിയെ ഗ്ലോറിഫൈ ചെയ്യുന്നതാണെന്നായിരുന്നു വിമര്‍ശനത്തിന്‍റെ കാതല്‍.

എന്നാല്‍ ചിത്രം കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്ന ഒന്നല്ലെന്ന് ദുല്‍ഖറും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും പറഞ്ഞിരുന്നു. "കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യരുത് എന്നതുതന്നെയായിരുന്നു ഞങ്ങള്‍ എല്ലാവരുടെയും പ്രധാന തീരുമാനം. ആ ഒരു കാര്യത്തിലാണ് ഞങ്ങള്‍ ഏറ്റവും ശ്രദ്ധിച്ചിരുന്നത്. ഒരുപാട് തവണ എഡിറ്റ് ഒക്കെ നടത്തിയിരുന്നു. പക്ഷേ ഇതൊരു വലിയ ബജറ്റ് സിനിമയാണ്. ആളുകള്‍ക്ക് എന്‍റര്‍ടെയ്‍നിംഗ് കൂടി ആയിരിക്കണം എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ സിനിമ കാണുമ്പോള്‍ കുറുപ്പിനെ ഗ്ലോറിഫൈ ചെയ്തതായി തോന്നില്ല. ഒരു ബയോപിക് പോലത്തെ സിനിമയാണ്. ഒരുപാട് കാലഘട്ടങ്ങളും കഥാപാത്രത്തിന്‍റെ വിവിധ പ്രായങ്ങളുമുണ്ട്. കേട്ട കഥകളും ഫിക്ഷനും ഉണ്ടാവും. യഥാര്‍ഥ പേരുകള്‍ ഉപയോഗിച്ചിട്ടില്ല. ഒരു സിനിമയായിട്ടു തന്നെ കാണണമെന്നാണ് എന്‍റെ അഭ്യര്‍ഥന. കുറുപ്പിനുവേണ്ടി ഒരു വര്‍ഷത്തേക്ക് മറ്റു സിനിമകളൊന്നും ഞാന്‍ ചെയ്‍തിട്ടില്ല. ഒരു രീതിയിലും കോംപ്രമൈസ് ചെയ്യാത്ത സിനിമയാണ്", ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു.

click me!