'കങ്കണ ഹിമാചലിന്റെ മകള്‍ '; മുംബൈയിലും സുരക്ഷ നല്‍കുമെന്ന് ഹിമാചല്‍ സര്‍ക്കാര്‍

By Web TeamFirst Published Sep 7, 2020, 12:38 PM IST
Highlights

മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു. 

ഷിംല: ബോളിവുഡ് നടി കങ്കണ റണൗട്ടിന് മുംബൈയിലും സുരക്ഷ നല്‍കുമെന്ന് ഹിമാചല്‍ സര്‍ക്കാര്‍. സെപ്റ്റംബര്‍ ഒന്‍പതിന് മുംബൈയിലെത്തുന്ന   കങ്കണയ്ക്ക് അവിടേയും സുരക്ഷ ഒരുക്കുമെന്ന് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

കങ്കണ ഹിമാചല്‍ പ്രദേശിന്റെ മകളാണ്. അതുകൊണ്ട് കങ്കണക്ക് സുരക്ഷ  ഒരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കങ്കണയുടെ സഹോദരിയും പിതാവും സര്‍ക്കാരിനോട് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കങ്കണയുടെ സഹോദരി തന്നെ ഫോണില്‍  ബന്ധപ്പെട്ടിരുന്നുവെന്നും  മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ പറഞ്ഞു.

മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായിരുന്നു.  ഇതോടെ കോണ്‍ഗ്രസും ശിവസേനയും  എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കങ്കണയ്‌ക്കെതിരെ രംഗത്തെത്തി.  മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു. 

കങ്കണ പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്നായിരുന്നു ശിവസേനാ നേതാവ് സഞ്ജയ് റാവുത്തരുടെ പ്രതികരണം. എന്നാല്‍ സെപ്റ്റംബര്‍ ഒന്‍പതിന് മുംബൈയിലേക്ക് എത്തുമെന്നും ധൈര്യമുള്ളവര്‍ തടയാന്‍ വരട്ടെയെന്നും കങ്കണ തിരിച്ചടിച്ചു. 

click me!