
തൃശ്ശൂർ: പ്രണയത്തിലും വിരഹത്തിലും ഭക്തിയിലുമെല്ലാം മലയാളിയുടെ ജീവരാഗമായിരുന്നു ജയേട്ടന്‍. ജയേട്ടന് അദ്ദേഹം പാടിയ വരികളാല്‍ ഗാനാജ്ഞലി. മഞ്ഞലയില്‍ മുങ്ങിതോര്‍ത്തിയ അനുരാഗഗാനം പോലെ പി ജയചന്ദ്രന്‍റെ ശബ്ദഗരിമ. മലയാള ഭാഷതന്‍ മാദകഭംഗി മലര്‍മന്ദഹാസമായി ഒഴുകിയ കാലത്ത് ഭാവഗായകന്‍റെ ഗാനങ്ങള്‍ ചന്ദനത്തില്‍ കടഞ്ഞെടുത്ത സുന്ദര ശില്‍പമായി.
ദേവരാഗമായി മേലേ മേഘത്തേരേറിയ ഗാനങ്ങള്‍ ഹൃദയങ്ങൾ തോറും മധുമാരിയായി പെയ്തിറങ്ങി. പലപ്പോഴും മൗനംപോലും മധുരമായി. ഹര്‍ഷബാഷ്പം തൂകി വര്‍ഷപഞ്ചമി വന്നപ്പോഴും മധുചന്ദ്രികയുടെ ഛായത്തളികയില്‍ മഴവില്‍ പൂമ്പൊടി ചാലിച്ചപ്പോഴും വേറിട്ട് നിന്നു സ്വരമാധുരി. കരിമുകില്‍ കാട്ടിലും രജനിതന്‍ വീട്ടിലും കനകാംബരങ്ങള്‍ വാടിയപ്പോഴും പ്രായം നമ്മില്‍ മോഹം നല്‍കി, കാലത്തിനൊപ്പം സംഗീതയാത്ര നടത്തി.
യദുകുല രതി ദേവനെ തേടുമ്പോഴും ശിശിരകാല മേഘമിഥുന രതിപരാഗമായി പ്രണയം വിരിയുമ്പോഴും പാട്ടിനെ ജീവന്‍റെ ജീവനാം കൂട്ടുകാരനാക്കി. കേരനിരകളാടും ഹരിത ചാരു തീരത്ത് പാട്ടിന്‍റെ മർത്യ ഭാഷ കേൾപ്പിച്ചു. സംഗീതം ധന്യമാം ഉപാസനയായി. ഈണം പൂത്തനാൾ ആസ്വാദകരെ ജയേട്ടന്‍ താമരത്താലിയിൽ തടവിലാക്കി. റംസാനില്‍ ചന്ദ്രിക പെയ്തിറങ്ങുന്ന പോലെ തോന്നും മൃദുലയോട് ഒരു ഭാവഗീതമിതാ എന്ന് പറയുമ്പോൾ.
സ്വയംവരചന്ദ്രികയോടും സ്വർണ്ണമണിമേഘത്തോടും ഹൃദയരാഗദൂത് പറയാന്‍ ഭാവഗായകനല്ലാതെ മറ്റാര്? രാസാത്തിയെ കാണാതെ നെഞ്ച് കാറ്റാടി പോലെ ആടുമ്പോൾ പ്രണയവും സംഗീതവും ഭാഷയുടെ അതിര്‍വരമ്പ് ലംഘിച്ചു. സംഗീത ഇടവേളകളുണ്ടായപ്പോള്‍ എന്തേ ഇന്നും വന്നീലാ എന്നായി ആരാധകര്‍. അപ്പോഴെല്ലാം അനുരാഗം മീട്ടി ഗന്ധര്‍വന്‍ പാട്ടിന്‍റെ പൊന്നുഷസുമായി നീരാടുവാന്‍ വന്നു.
പൂരങ്ങടെ പൂരമുള്ളോരു നാടായിരുന്നു എന്നും ഇഷ്ടം. ചെണ്ടയ്ക്കൊരു കോലുണ്ടെട മണ്ടയ്ക്കൊരു കൊട്ടുണ്ടെട ജീവതാളവും. മുറ്റത്തെ തുളസി പോലെ തങ്കമനസ്സ്. ഗായകനെ ഒന്നു തൊടാന്‍ ഉള്ളില്‍ തീരാ മോഹമുളളവരും ഒന്നു മിണ്ടാന്‍ ഉള്ളില്‍ തീരാദാഹമുളളവരും നിരവധി. ഇനി മണിവര്‍ണനില്ലാത്ത വൃന്ദാവനം പോലെയാണ് സംഗീതലോകം. സ്മൃതിതന്‍ ചിറകിലേറി ശ്യാമ തീരഭൂവിലണയുകയാണ് പാട്ടുകാരന്‍. ഉച്ചത്തില്‍ മിടിക്കല്ലേ നീയെന്‍റെ ഹൃദന്തമേ സ്വച്ഛശാന്തമെന്നോമല്‍ പാട്ടുകാരന്‍ ഉറങ്ങുമ്പോൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ