
കെജിഎഫ് (KGF) ഫ്രാഞ്ചൈസിയിലൂടെ ഭാഷയുടെ അതിരുകള്‍ മറികടന്ന് രാജ്യം മുഴുവനുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട നിര്‍മ്മാണക്കമ്പനിയാണ് ഹൊംബൈളെ ഫിലിംസ് (Hombale Films). കെജിഎഫ് ചാപ്റ്റര്‍ 2 റിലീസിനു ശേഷം പുതിയൊരു ചിത്രം അവര്‍ പ്രഖ്യാപിച്ചിരുന്നു. സുധ കൊങ്കര ഒരുക്കുന്ന ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ബാനര്‍. സന്തോഷ് അനന്ത്‍റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഒരു പുതുമുഖ നായകനും അവതരിപ്പിക്കപ്പെടുകയാണ്.
കന്നഡയിലെ ഇതിഹാസ താരമായിരുന്ന ഡോ. രാജ്‍കുമാറിന്‍റെ പൌത്രനും രാഘവേന്ദ്ര രാജ്‍കുമാറിന്‍റെ പുത്രനുമായ യുവ രാജ്‍കുമാര്‍ (Yuva Rajkumar) ആണ് ഹൊംബാളെ ഫിലിംസിന്‍റെ പുതിയ ചിത്രത്തില്‍ നായകനാവുന്നത്. സന്തോഷ് അനന്ത്‍റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിസ്റ്റര്‍ ആൻഡ് മിസിസ് രാമചാരി, രാജകുമാര, യുവരത്ന തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സന്തോഷ്. ഡോ. രാജ്‍കുമാര്‍ കുടുംബവുമായുള്ള തങ്ങളുടെ ബന്ധം തുടരുന്നതില്‍ സന്തോഷമുണ്ടെന്നും എപ്പോഴത്തെയുംപോലെ പ്രേക്ഷക പിന്തുണ വേണമെന്നും ഹൊംബാളെ ഫിലിംസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ഏപ്രില്‍ 21നാണ് സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം ഹൊംബാളെ ഫിലിംസ് പ്രഖ്യാപിച്ചത്. സൂരറൈ പോട്ര്, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായികയാണ് സുധ കൊങ്കര. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന സൂചന. തങ്ങളുടെ മുന്‍ ചിത്രങ്ങള്‍ പോലെ പുതിയ പ്രോജക്റ്റും രാജ്യമാകെ ശ്രദ്ധ നേടുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് പ്രഖ്യാപനത്തിനൊപ്പമുള്ള കുറിപ്പില്‍ അവര്‍ അറിയിച്ചിരുന്നു.
അതേസമയം ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ് കെജിഎഫ് ചാപ്റ്റര്‍ 2. റിലീസ് ചെയ്‍ത മാര്‍ക്കറ്റുകളില്‍ നിന്നെല്ലാം വന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ 4 ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 546 കോടി രൂപയാണ്. പുഷ്‍പയ്ക്കും ആര്‍ആര്‍ആറിനും പിന്നാലെ കെജിഎഫ് 2 ന്‍റെയും ഹിന്ദി പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 250 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ ഇടം പിടിച്ചിരിക്കുന്ന ഹിന്ദി ചിത്രമായി മാറി കെജിഎഫ് 2 ന്‍റെ ഹിന്ദി പതിപ്പ്. ഏഴ് ദിവസം കൊണ്ടായിരുന്നു ഹിന്ദി പതിപ്പിന്‍റെ നേട്ടം.
യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ