
ഹണി റോസിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമായി മാറാനുള്ള എല്ലാ സാധ്യതകളും മുന്നോട്ടുവക്കുന്നതാണ് 'റേച്ചൽ' സിനിമയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലർ. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹ രചയിതാവ് എബ്രിഡ് ഷൈൻ ആണ്. ഇന്നലെ പുറത്തുവിട്ട ചിത്രത്തിന്റെ മികച്ച പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡിസംബർ ആറിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ഇറച്ചിവെട്ടുകാരിയായാണ് ഹണി റോസ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ ഹണി റോസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സിനിമയിലെത്തി 20 വർഷമായിട്ടും മലയാള സിനിമയ്ക്ക് തന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലായെന്നും, താൻ സിനിമയിൽ കടിച്ചു തൂങ്ങി പിടിച്ചുനിൽക്കുന്ന ആളാണെന്നും ഹണി റോസ് പറയുന്നു.
"എന്നെ സംബന്ധിച്ച് എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റുന്ന ഒരു സിനിമ ചെയ്യാനാണ് ആഗ്രഹം, പത്തിരുപത് വർഷമായിട്ടും മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഒരാവശ്യവുമില്ല. ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ് ഇത്രയും വർഷമായിട്ടും. എന്നെ സംബന്ധിച്ച് എനിക്ക് ഒത്തിരി കഥാപാത്രങ്ങൾ വരണമെന്നില്ല. വരുന്നതിൽ നിന്ന് ഏറ്റവും നല്ലത് തിരഞ്ഞെടുത്ത് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടി പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ. അതെന്റെ പാഷൻ കൂടിയാണ്." ഹണി റോസ് പറയുന്നു.
പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കുമെന്ന് അടിവരയിടുന്നതാണ് റേച്ചൽ ട്രെയ്‌ലർ.
ഹണി റോസിനെ കൂടാതെ ബാബുരാജ്, ചന്തു സലിംകുമാര്‍, റോഷന്‍ ബഷീര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി കെ ജോൺ , ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.
ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. മാതൃഭൂമി കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രാഹുൽ മനപ്പാട്ടിന്റെ ഇറച്ചികൊമ്പ് എന്ന കഥയെ ആസ്പദമാക്കിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്‍റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് ആണ് ചിത്രത്തിന്‍റെ വിതരണം നിർവ്വഹിക്കുന്നത്.