
നിയോൺ വെളിച്ചങ്ങളും, വാക്കി-ടോക്കികളും, സൈക്കിളിലെത്തുന്ന കുട്ടികളും... നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ 'സ്‌ട്രേഞ്ചർ തിങ്‌സ്'. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇപ്പോൾ 'സ്‌ട്രേഞ്ചർ തിങ്‌സ്' അഞ്ചാം സീസണിന്റെ ആവേശത്തിലാണ്. എന്നാൽ വെറുമൊരു ഹൊറർ-സയൻസ് ഫിക്ഷൻ പരമ്പര എന്നതിലുപരി, എങ്ങനെയാണ് ഈ സീരിസ് ഒരു കൾച്ചർ ഫിനോമിനയായി മാറിയത്? ഉത്തരം ലളിതമാണ്: നൊസ്റ്റാൾജിയ. 1980-കളിലെ നൊസ്റ്റാൾജിയ ഇത്ര മനോഹരമായി പാക്ക് ചെയ്ത് അവതരിപ്പിച്ച മറ്റൊരു പരമ്പര സ്ട്രീമിംഗ് ചരിത്രത്തിലില്ല.
സ്‌ട്രേഞ്ചർ തിങ്‌സ് എങ്ങനെയാണ് പ്രേക്ഷകരുടെ ഹൃദയം കവർന്നതെന്ന് നോക്കാം.
ഇന്നത്തെ സ്മാർട്ട്‌ഫോൺ യുഗത്തിൽ നിന്ന് മാറി, ലാൻഡ്‌ലൈൻ ഫോണുകളും വാക്കി-ടോക്കികളും ആശയവിനിമയം നിയന്ത്രിച്ചിരുന്ന ഒരു കാലഘട്ടത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോയി എന്നതാണ് ഈ സീരിസിൻ്റെ ഏറ്റവും വലിയ വിജയം. സ്റ്റീവൻ സ്പിൽബർഗിന്റെ സിനിമകളുടെ മാജിക്കും, സ്റ്റീഫൻ കിംഗിന്റെ ഹോറർ നോവലുകളിലെ ഭയവും, ജോൺ കാർപെന്ററുടെ സിന്ത്-വേവ് സംഗീതവും ഒത്തുചേർന്നപ്പോൾ 'സ്‌ട്രേഞ്ചർ തിങ്‌സ്' ജനിച്ചത് ഒരു സീരിസ് ആയിട്ടല്ല, മറിച്ച് 80-കളിലേക്കുള്ള ഒരു ടൈം മെഷീൻ ആയിട്ടാണ്. നിയോൺ ലൈറ്റുകൾ തിളങ്ങുന്ന ഷോപ്പിംഗ് മാളുകളും, ആർക്കേഡ് ഗെയിമുകളും, പഴയ ഫാഷനും മുതിർന്നവരിൽ നൊസ്റ്റാൾജിയ ഉണർത്തിയപ്പോൾ, പുതിയ തലമുറയ്ക്ക് അതൊരു കൗതുകമായി മാറി.
ഹോളിവുഡിലെ ഏറ്റവും പ്രശസ്തമായ 'കിഡ്‌സ് ഓൺ ബൈക്ക്സ്' ട്രോപ്പ് ഈ ഷോയുടെ ജീവനാണ്. മാതാപിതാക്കളുടെ അമിത നിയന്ത്രണങ്ങളില്ലാതെ, സൈക്കിളിൽ കറങ്ങിനടന്ന് രഹസ്യങ്ങൾ അന്വേഷിക്കുന്ന കുട്ടികൾ.അത് സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. മൈക്ക് വീലർ, ഡസ്റ്റിൻ ഹെൻഡേഴ്സൺ, ലൂക്കാസ് സിൻക്ലെയർ, വിൽ ബയേഴ്സ്, പിന്നെ ഇലവൻ ... ഈ കുട്ടികളുടെ സൗഹൃദമാണ് സീരിസിൻ്റെ കാതൽ. ഏത് ഭീകര രാക്ഷസൻ വന്നാലും, "ഫ്രണ്ട്സ് ഡോണ്ട് ലൈ" എന്ന തത്വം മുറുകെപ്പിടിച്ച് അവർ പോരാടുന്നു. സ്ക്രീനിൽ ഭയം നിറയുമ്പോഴും, പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് ഈ കുട്ടികൾ തമ്മിലുള്ള വൈകാരിക ബന്ധമാണ്. അവരുടെ വളര്‍ച്ചയ്ക്കൊപ്പം പ്രേക്ഷകരും വളര്‍ന്നു, അത് വലിയൊരു വൈകാരിക അടുപ്പം സൃഷ്ടിച്ചു.
80-കളിലെ സംഗീതത്തെ തിരികെ കൊണ്ടുവരാനും ഈ സീരിസിന് സാധിച്ചു. കേറ്റ് ബുഷിന്റെ "റണ്ണിംഗ് അപ്പ് ദാറ്റ് ഹിൽ" എന്ന ഗാനം സീസൺ 4-ൽ ഉപയോഗിച്ചപ്പോൾ, അത് 37 വർഷങ്ങൾക്ക് ശേഷം വീണ്ടും ലോക ചാർട്ടുകളിൽ ഒന്നാമതെത്തി.
അതുപോലെ, 'ഡഞ്ചിയൻസ് ആൻഡ് ഡ്രാഗൺസ്' എന്ന പഴയ ബോർഡ് ഗെയിമിനെ കൂളാക്കി മാറ്റിയതും ഈ പരമ്പരയാണ്.
ടിവിയിൽ ആഴ്ചയിലൊരിക്കൽ എപ്പിസോഡുകൾക്കായി കാത്തിരുന്ന ശീലത്തെ നെറ്റ്ഫ്ലിക്സ് മാറ്റിയപ്പോൾ, അതിന് ആക്കം കൂട്ടിയത് സ്‌ട്രേഞ്ചർ തിങ്‌സ് ആണ്. 'ബിഞ്ച് വാച്ചിംഗ്' അഥവാ ഒറ്റയിരിപ്പിന് സീസൺ മുഴുവൻ കാണുന്ന ശീലം വ്യാപകമാക്കിയത് ഈ സീരിസിലുടെയാണ്. ഓരോ സീസൺ കഴിയുമ്പോഴും അതൊരു ആഗോള ഉത്സവമായി മാറുന്നു.
ചുരുക്കത്തിൽ, ഡഫർ സഹോദരന്മാർ സൃഷ്ടിച്ചത് വെറുമൊരു സയൻസ് ഫിക്ഷൻ കഥയല്ല. അത് നമ്മുടെ നഷ്ടപ്പെട്ടുപോയ ബാല്യകാലത്തെയും, പഴയകാല ഓർമ്മകളെയും തിരികെ നൽകുന്ന ഒരു അനുഭവമാണ്. അതാണ് 'സ്‌ട്രേഞ്ചർ തിങ്‌സി'നെ സ്ട്രീമിംഗ് യുഗത്തിലെ ഏറ്റവും അഡിക്റ്റീവ് ആക്കി മാറ്റുന്നത്. അവസാന സീസൺ എത്തുമ്പോൾ, 80-കളുടെ ഈ മാന്ത്രിക ലോകത്തോട് വിടപറയുക എന്നത് ആരാധകർക്ക് ഒട്ടും എളുപ്പമായിരിക്കില്ല.