
സമീപ വര്‍ഷങ്ങളില്‍ രജനികാന്തിനെ ഏറ്റവും നന്നായി സ്ക്രീനില്‍ പ്രസന്‍റ് ചെയ്ത ചിത്രമായിരുന്നു ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ രചനയിലും സംവിധാനത്തിലും 2023 ല്‍ പുറത്തെത്തിയ ആക്ഷന്‍ കോമഡി ചിത്രം പ്രേക്ഷകപ്രീതിയിലും ബോക്സ് ഓഫീസ് കളക്ഷനിലും ഉയരെ എത്തിയിരുന്നു. തമിഴ് സിനിമയില്‍ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷനും ജയിലറിന്‍റെ പേരിലാണ്. ചിത്രത്തിന്‍റെ സീക്വല്‍ എന്നതാണ് ജയിലര്‍ 2 ന്‍റെ യുഎസ്‍പി. ആദ്യ ഭാഗത്തില്‍ ഇല്ലാത്ത പല താരങ്ങളും രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ട്. പലരുടെയും കാര്യം അണിയറക്കാര്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. അല്ലാതെ മറ്റ് പല താരങ്ങളുടെയും ചിത്രത്തിലെ സാന്നിധ്യത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളും എത്തിയിരിക്കുന്നു. ഇപ്പോഴിതാ അതിലൊരാള്‍ക്ക് പകരം എത്തുന്നത് ആവേശം പകരുന്ന മറ്റൊരാളാണ്. ജയിലര്‍ 2 സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റ് ചിത്രത്തിന്‍റെ പാന്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നതുമാണ്.
ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ അതിഥിതാരമായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അത് ഉണ്ടാവില്ലെന്നാണ് ഇപ്പോള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. പകരം ബോളിവുഡില്‍ നിന്നുതന്നെ മറ്റൊരു സൂപ്പര്‍താരം ഉണ്ടാവുമെന്നതും ഉറപ്പായിരിക്കുകയാണ്. ബോളിവുഡിലും മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ഏറെ ആരാധകരുള്ള താരമായ ഹൃത്വിക് റോഷനാണ് ജയിലര്‍ 2 ലേക്കുള്ള ഏറ്റവും പുതിയ എന്‍ട്രി. ആഴ്ചകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ചിത്രത്തിലെ അതിഥിവേഷത്തിന് ഹൃത്വിക് യെസ് മൂളിയതെന്നും ഈ മാസം 22, 23 തീയതികളില്‍ അദ്ദേഹത്തിന്‍റെ ചിത്രീകരണം ചെന്നൈയില്‍ നടക്കുമെന്നും വെറൈറ്റി ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധി ലുക്ക് ടെസ്റ്റുകള്‍ക്ക് ശേഷമാണ് ഹൃത്വിക് റോഷന്‍ നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. ബിഗ് സ്ക്രീനില്‍ ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലാവും നെല്‍സണ്‍ അവതരിപ്പിക്കുക. ചിത്രത്തിന്‍റെ കഥപറച്ചിലില്‍ ഒരു നിര്‍ണായക പോയിന്‍റില്‍ ആവും ഈ കഥാപാത്രം എത്തുക. 2025 ഓഗസ്റ്റില്‍ വാര്‍ 2 പുറത്തെത്തിയതിന് ശേഷം ഹൃത്വിക് റോഷന്‍ സിനിമയില്‍ ആദ്യമായി നടത്തുന്ന കരാര്‍ ഈ ചിത്രത്തിന് വേണ്ടിയാണ്. അതേസമയം രജനികാന്തിനൊപ്പം ആദ്യമായല്ല ഹൃത്വിക് അഭിനയിക്കുന്നത്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും ഒരുമിച്ച് സ്ക്രീനില്‍ എത്തിയിട്ടുണ്ട്. 1986 ല്‍ പുറത്തെത്തിയ രജനികാന്തിന്‍റെ ഹിന്ദി ചിത്രമായ ഭഗ്വാന് ദാദയില്‍ രജനി കഥാപാത്രത്തിന്‍റെ വളര്‍ത്തുമകനായാണ് ഹൃത്വിക് അഭിനയിച്ചത്. ചില ചിത്രങ്ങളില്‍ അതിന് മുന്‍പ് അഭിനയിച്ചിട്ടുണ്ടെങ്കിലും ബാലതാരമായ ഹൃത്വിക്കിന് ആദ്യമായി ക്രെഡിറ്റ് ലഭിച്ച റോള്‍ ഈ ചിത്രത്തിലേത് ആയിരുന്നു. എസ് ജെ സൂര്യ, രമ്യ കൃഷ്ണന്‍, വിദ്യ ബാലന്‍, യോഗി ബാബു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ജയിലര്‍ 2 ല്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍ അടക്കമുള്ളവരുടെ അതിഥിവേഷങ്ങളുമുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ