ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന 'മായൻ ചാപ്റ്റർ 1' ഡിസംബർ 3ന് തിയേറ്ററുകളിലെത്തും.
ജയസൂര്യ നായകനായ ജിതിൻ കെ ജോസ് ചിത്രം മായൻ്റെ സംഗീത അവകാശം സ്വന്തമാക്കി അന്താരാഷ്ട്ര സംഗീത രംഗത്തെ പ്രമുഖ കമ്പനിയായ യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമ്പനി വീണ്ടും ഒരു മലയാള സിനിമയുടെ മ്യൂസിക് റൈറ്റ്സ് ഏറ്റെടുക്കുന്നത്. 2013ലാണ് ഇതിന് മുൻപ് യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് ഒരു മലയാള ചിത്രത്തിന്റെ സംഗീതാവകാശം സ്വന്തമാക്കിയത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 3ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും.
അന്താരാഷ്ട്ര തലത്തിൽ സംഗീത വിതരണ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമുള്ള യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നത് ‘മായൻ ചാപ്റ്റർ 1’ന്റെ സംഗീതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ചിത്രത്തിന്റെ സംഗീതാവകാശം സംബന്ധിച്ച ഈ വാർത്ത സിനിമാ-സംഗീത ലോകത്ത് ഏറെ ശ്രദ്ധ നേടുകയാണ്. ‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
ചിത്രത്തിൻ്റെ ആദ്യ ടീസർ ഉടൻ പുറത്ത് വരുമെന്നാണ് സൂചന. ഏറെ നിഗൂഢത നിറഞ്ഞ ചിത്രത്തിൻ്റെ പോസ്റ്ററുകൾ എല്ലാം തന്നെ വലിയ ശ്രദ്ധയാണ് സമൂഹ മാധ്യമങ്ങളിൽ നേടുന്നത്. നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ വീഡിയോയും പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടീസർ എത്തുന്നതോടെ ചിത്രത്തിന്റെ കഥാലോകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മായൻ ചാപ്റ്റർ 1’. ‘ഓർഡിനറി’, ‘അനാർക്കലി’ തുടങ്ങിയ വിജയചിത്രങ്ങൾ നിർമ്മിച്ച രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന നിഗൂഢതകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യ ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധം സിനിമയുടെ കഥാപരിസരമാകുമെന്ന റിപ്പോർട്ടുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദ രീതിയും ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദാംശങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. നിഗൂഢതയും ആഗോള പശ്ചാത്തലവും സമന്വയിപ്പിക്കുന്ന മിസ്റ്ററി ത്രില്ലറായിരിക്കും ‘മായൻ ചാപ്റ്റർ 1’ എന്നാണ് പ്രതീക്ഷ.
ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, വരികൾ: രാജീവ് ഗോവിന്ദൻ, ജിതിൻ കെ. ജോസ്, കോ-റൈറ്റർ: ശ്രീഖിൽ ശ്രീനിവാസൻ, സ്റ്റിൽസ്: സിനത് സേവ്യർ, പ്രോജക്ട് ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വിപിൻ കുമാർ വി.





