അമ്പത് കോടി മറികടന്ന് 'വിക്രം വേദ'

By Web TeamFirst Published Oct 6, 2022, 12:54 PM IST
Highlights

ബോക്സ് ഓഫീസില്‍ തകരാതിരിക്കാൻ 'വിക്രം വേദ' പൊരുതുന്നു.

തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച 'വിക്രം വേദ' ഇപ്പോള്‍ ഹിന്ദിയിലും ശ്രദ്ധ നേടുകയാണ്. ഹൃത്വിക് റോഷൻ നായകനായ ചിത്രം തുടക്കത്തില്‍ വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നില്ല. എന്നാല്‍ തിയറ്ററില്‍ വൻ ദുരന്തമാകുന്ന അവസ്ഥ ചിത്രത്തിന് നേരിടേണ്ടി വരുന്നില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ചിത്രം കളക്ഷനില്‍ 55 കോടി മറികടന്നിട്ടുണ്ട്.

റിലീസ് ദിവസം 10.35 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്‍തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍, 12.55 കോടി, 13.50 കോടി, 5.60 കോടി, ആറ് കോടി എന്നിങ്ങനെ നേടിയ ചിത്രം മൊത്തം കളക്ഷൻ 55 കോടിയിലെത്തിയിരിക്കുന്നുവെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. 'വിക്രം വേദ' റിലീസ് ചെയ്‍ത അതേ ദിവസം പ്രദര്‍ശനത്തിന് എത്തിയ 'പൊന്നിയിൻ സെല്‍വൻ' ഇതിനകം 300  കോടി സ്വന്തമാക്കിയിട്ടുണ്ട്. പുഷ്‍കര്‍- ഗായത്രി ദമ്പതിമാരുടെ സംവിധാനത്തില്‍ തമിഴകത്ത് പുത്തൻ ആഖ്യാനത്തില്‍ വൻ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു 'വിക്രം വേദ'.

പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍. ടി സീരീസ്, റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫ്രൈഡേ ഫിലിം‍വര്‍ക്ക്സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഹൃത്വിക് റോഷനു പുറമേ സെയ്‍ഫ് അലിഖാൻ, രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിച്ചാര്‍ഡ് കെവിൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവരാണ്.

മൊത്തം 5640 സ്ക്രീനുകളിലായിട്ടാണ് ഹിന്ദി 'വിക്രം വേദ' റിലീസ് ചെയ്‍തിരിക്കുന്നത്. ഇന്ത്യയില്‍ 4007 സ്‍ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. വിദേശങ്ങളില്‍ 1633 സ്‍ക്രീനുകളിലും. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ടാണ് ചിത്രം റിലീസ് ചെയ്‍തിരിക്കുന്നത്.

Read More: 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സു'മായി വിനീത് ശ്രീനിവാസൻ, സെക്കൻഡ് ലുക്കും പുറത്ത്

click me!