ഇന്ത്യയിലെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ ചിത്രമാവാന്‍ 'ഫൈറ്റര്‍'; നായകന്‍ ഹൃത്വിക്

By Web TeamFirst Published Jul 8, 2021, 6:15 PM IST
Highlights

'ബാംഗ് ബാംഗ്!', 'വാര്‍' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം

ഇന്ത്യയുടെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ ഫ്രാഞ്ചൈസി നിര്‍മ്മിക്കാനൊരുങ്ങി പ്രമുഖ നിര്‍മ്മാണക്കമ്പനിയായ വയാകോം 18. ഹൃത്വിക് റോഷന്‍ നായകനാവുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. 'ബാംഗ് ബാംഗ്!', 'വാര്‍' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം. മാര്‍ഫ്ളിക്സുമായി ചേര്‍ന്നാണ് വയാകോം ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു 'ടോപ്പ് ഗണ്‍' (1986ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം) ആരാധകന്‍ എന്ന നിലയില്‍ ബോളിവുഡില്‍ ഒരു ഏരിയല്‍ ആക്ഷന്‍ ചിത്രം നിര്‍മ്മിക്കണമെന്നത് സ്വപ്‍നമായിരുന്നെന്ന് വയാകോം 18 സ്റ്റുഡിയോസ് സിഒഒ അജിത്ത് അന്ധാരെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. "വര്‍ഷങ്ങളായി ഇതിനു പറ്റിയ ഒരു തിരക്കഥയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു. ഹൃത്വിക്കിനെയും ദീപികയെയുമാണ് പ്രധാന വേഷങ്ങളില്‍ ആദ്യമേ ആലോചിച്ചിരുന്നത്. ഈ ഗണത്തില്‍ പെടുന്ന സിനിമ അതിന്‍റെ ശരിയായ അര്‍ഥത്തില്‍ സംവിധാനം ചെയ്യാന്‍ സിദ്ധാര്‍ഥിന് കഴിയുമെന്നാണ് കരുതുന്നത്. വയാകോമിന്‍റെ ഫിലിമോഗ്രഫിയില്‍ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം", അജിത്ത് അന്ധാരെ പറയുന്നു.

അതേസമയം ആഗോള തിയറ്റര്‍ റിലീസ് ലക്ഷ്യമിട്ടാവും ചിത്രം ഒരുങ്ങുക. പറയുന്നത് ഇന്ത്യന്‍ കഥ ആയിരിക്കുമ്പോള്‍ തന്നെ വിദേശ ലൊക്കേഷനുകളിലും ചിത്രീകരണം ഉണ്ടാവും. അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ ആലോചന. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!